സൈമൺ വളാച്ചേരിൽ (ചീഫ് എഡിറ്റർ, നേർകാഴ്ച)
ന്യൂജേഴ്‌സി: ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ.) പതിനൊന്നാമത് അന്താരാഷ്ട്ര സമ്മേളനത്തിന് ന്യൂജേഴ്‌സിയിലെ എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ വർണാഭമായ തുടക്കമായിരിക്കുന്നു. നൂറിലധികം മാധ്യമപ്രതിനിധികളും വിശിഷ്ടാതിഥികളുമായി സമ്മേളനവേദി സജീവമാണ്. പത്രപ്രവർത്തന മേഖലയിലെ പ്രശസ്ത വ്യക്തിത്വങ്ങൾ അണിചേരുന്ന ഈ കോൺഫറൻസിൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകൾ, ചർച്ചകൾ, കലാപരിപാടികൾ എന്നിവ നടക്കും.
മികച്ച പാർലമെന്റേറിയൻ എന്ന ഖ്യാതി നേടിയ കൊല്ലം എം.പി., എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി.) സമ്മേളനത്തിൽ പങ്കെടുക്കുന്നത് ഈ മാധ്യമ സംഗമത്തിൻ്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. സമ്മേളനത്തിൽ മുഖ്യാതിഥിയായി വി.കെ. ശ്രീകണ്ഠൻ എം.പി പങ്കെടുക്കും. റാന്നി എം.എൽ. എ. പ്രമോദ് നാരായണും പങ്കെടുക്കുന്നു.

കേരളത്തിലെ ഒട്ടുമിക്ക മുഖ്യധാരാ മാധ്യമങ്ങളുടെയും പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഇത്തവണയും കോൺഫറൻസ് നടത്തുന്നത്.
കേരളത്തിൽ നിന്നും ജോണി ലൂക്കോസ് (മനോരമ ന്യൂസ്), അബ്‌ജോദ് വർഗീസ് (ഏഷ്യാനെറ്റ് ന്യൂസ്), ഹാഷ്മി താജ് ഇബ്രാഹിം (24 ന്യൂസ്), സുജയാ പാർവതി (റിപ്പോർട്ടർ ചാനൽ), മോത്തി രാജേഷ് (സീനിയർ സബ് എഡിറ്റർ, സീനിയർ റിപ്പോർട്ടർ, മാതൃഭൂമി ടി.വി.), ലീൻ ബി ജെസ്മസ് (ന്യൂസ് 18) എന്നിവർ മീഡിയയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു.

ഒക്ടോബർ 10 വെള്ളിയാഴ്ച പ്രസിഡൻഷ്യൽ നൈറ്റും മ്യൂസിക്കൽ ഗാലയും. ഇതോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന നൃത്തോത്സവത്തിൽ മാസ്മരിക നൃത്തവിരുന്നിന്റെ ചടുലതാളങ്ങളുമായി പ്രമുഖ നർത്തകികൾ അണിചേരും. മാലിനി നായർ (സൗപർണിക ഡാൻസ് അക്കാദമി), രേഖ പ്രദീപ് (ടീം മുദ്ര), റുബീന സുധർമൻ (വേദിക പെർഫോമിംഗ് ആർട്‌സ്), ബിന്ധ്യ ശബരിനാഥ് (മയൂര സ്‌കൂൾ ഓഫ് ഡാൻസ്) എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന നൃത്തവിസ്മയം പ്രസിഡൻഷ്യൽ നൈറ്റിൽ കാണികളുടെ ഹൃദയം കവരുമെന്നുറപ്പ്.
മലയാളി മാധ്യമ സമൂഹം നാട്ടിൽ നിന്നുള്ള വിശിഷ്ട വ്യക്തിത്വങ്ങൾക്കൊപ്പം ഒരു ഉത്സവമായി കൊണ്ടാടുന്ന ഈ സമ്മേളനം, അമേരിക്കൻ മലയാളി മാധ്യമ പ്രവർത്തനത്തിന് പുതിയ ദിശാബോധം നൽകാൻ പ്രാപ്തമാണ്. എഡിസൺ ഷെറാട്ടണിൽ നാം ഒത്തുചേരുമ്പോൾ, പ്രതിസന്ധികളെ തരണം ചെയ്ത് ഒരു അച്ചടി പത്രം മുടങ്ങാതെ വായനക്കാരിലേക്ക് എത്തിക്കുന്നതിലൂടെ കൈവരുന്ന നേര് പറയുവാനുള്ള ശക്തി പതിൻമടങ്ങ് വർധിച്ചിരിക്കുന്നു. ജന്മനാട്ടിൽ പത്രവായന ശീലമാക്കിയ മലയാളിക്ക്, ലോകത്തിൻ്റെ ഏത് കോണിലെത്തിയാലും ആ പാരമ്പര്യത്തിന് ഭംഗം വരുത്താനാവില്ല. അമേരിക്കൻ മലയാളികളുടെ അച്ചടി മാധ്യമ ചരിത്രം പരിശോധിച്ചാൽ ഇത് വ്യക്തമാകും.
വർത്തമാനകാലത്ത് ഈ മാധ്യമമേള ചർച്ച ചെയ്യേണ്ട അടിയന്തിര വിഷയങ്ങളിലൊന്ന്, മലയാള അച്ചടി മാധ്യമങ്ങൾ നിലനിൽപ്പിനായി നേരിടുന്ന വെല്ലുവിളികൾ തന്നെയാണ്. ഒരു കാലഘട്ടത്തിൽ വാർത്തകളും വിശേഷങ്ങളും അറിയാനുള്ള ഏക മാർഗ്ഗം പത്രങ്ങൾ മാത്രമായിരുന്നു. അമേരിക്കൻ മലയാളികളുടെ ആദ്യകാല കുടിയേറ്റ നാളുകളിൽ, നാടിനെക്കുറിച്ചുള്ള വിവരങ്ങൾ വല്ലപ്പോഴുമെത്തുന്ന കത്തുകളിലൂടെ മാത്രം ലഭിച്ചിരുന്ന കാലമുണ്ടായിരുന്നു. പിന്നീട് പ്രിയപ്പെട്ട മലയാള പത്രങ്ങൾ അമേരിക്കയിലെത്തിച്ച് ഒരു പുതിയ ചരിത്രം സൃഷ്ടിക്കപ്പെട്ടു. എങ്കിലും, ദൈനംദിന തിരക്കുകൾക്കിടയിൽ പത്രവായനയ്ക്കായി സമയം കണ്ടെത്തുന്നത് പ്രവാസികൾക്ക് ഒരു വലിയ വെല്ലുവിളിയായി.
ഈ പ്രതിസന്ധി മറികടക്കുവാനായി, അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അനുഭവസമ്പന്നരായ മലയാളികൾ ബ്ലാക്ക് ആൻഡ് വൈറ്റ് പത്രങ്ങൾ അച്ചടിച്ച് ഇറക്കുകയുണ്ടായി. ഇത് അമേരിക്കൻ മലയാളി മാധ്യമ പ്രവർത്തനത്തിൻ്റെ വിപ്ലവകരമായ തുടക്കമായിരുന്നു. പിന്നീട് കളറിലേക്കും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്കും മാറിയെങ്കിലും, കാലാകാലങ്ങളിൽ വായനക്കാരുടെ ഹൃദയം കീഴടക്കിയ പല അച്ചടി മാധ്യമങ്ങളും പ്രിന്റിങ്ങിനും വിതരണത്തിനുമുള്ള പണം കണ്ടെത്താനാവാതെ നിലച്ചുപോവുകയും ചെയ്തു. വിവരസാങ്കേതിക വിദ്യയും ആശയവിനിമയ സൗകര്യങ്ങളും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ കഥകളും കവിതകളും ലേഖനങ്ങളുമൊക്കെ സചിത്രമായി അച്ചടിച്ച ആ പത്രങ്ങളുടെ തിരോധാനം തീർച്ചയായും വേദനിപ്പിക്കുന്ന ഒന്നാണ്. അമേരിക്കൻ മലയാളികളുടെ പത്രവായനാശീലത്തെ ആ സുവർണ്ണകാലഘട്ടത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ഒരു എളിയ ശ്രമം ‘നേർകാഴ്ച’യുടെ പ്രിൻറ് എഡിഷനുകൾ നടത്തുന്നുവെന്നത് പ്രതീക്ഷ നൽകുന്നു.
ന്യൂയോർക്കിൽ നിന്ന് തുടങ്ങി ഇപ്പോൾ ന്യൂജേഴ്‌സിയിലെത്തുമ്പോൾ ഐ.പി.സി.എൻ.എ. മാധ്യമ മേഖലയിലെ അറിവുകൾ പങ്കുവെച്ച് വളരുകയാണ്. ദൃശ്യ, ശ്രാവ്യ, പത്ര, സോഷ്യൽ മീഡിയകളുടെ സത്യസന്ധതയും ക്രെഡിബിലിറ്റിയും നിരന്തരം ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടമാണിത്. കേൾക്കുന്നതും കാണുന്നതും സെൻസേഷണലാക്കി പൊലിപ്പിക്കുന്ന മാധ്യമപ്രവർത്തന ശൈലി പലപ്പോഴും വിമർശിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ, കുടിയേറ്റ ഭൂമിയിലെങ്കിലും മൂല്യവത്തായ ഒരു മാധ്യമ സംസ്കാരത്തിന്റെ വിത്തുകൾ വിതയ്ക്കാൻ ഇന്ത്യ പ്രസ് ക്ലബ്ബിന് സാധിക്കുമെന്നതിൻ്റെ ദൃഷ്ടാന്തമാണ് ഈ സമ്മേളനം.
കാലം മുന്നോട്ട് പോകുമ്പോൾ, അടുത്ത തലമുറയുടെ കാഴ്ചപ്പാടുകളും വായനാരീതികളും മാറിക്കൊണ്ടിരിക്കും. സംഘടനയ്ക്ക് പുതിയ സാരഥികൾ വരും, ഭരണക്രമങ്ങൾ നൂതനമാകും. ഈ വളർച്ചയുടെ ഘട്ടത്തിലേക്ക്, വായനയുടെയും വാർത്താ സംപ്രേക്ഷണത്തിൻ്റെയും കാലികമായ സരണിയിലേക്ക് പ്രവേശിക്കുവാൻ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക തീർച്ചയായും പ്രാപ്തമാണ്. എഡിസണിലെ ഈ മാധ്യമ സംഗമം നാട്ടിലെ മാധ്യമ സ്ഥാപനങ്ങളുടെ ശ്രദ്ധ ഉറപ്പായും ആകർഷിക്കും. ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ നിന്നും സ്വപ്നഭൂമിയിൽ എത്തിയ നമ്മൾ, ഐ.പി.സി.എൻ.എയിലൂടെ മഹത്തായൊരു വായനാ സംസ്കാരവും മാധ്യമ പാരമ്പര്യവുമാണ് സൃഷ്ടിച്ചിരിക്കുന്നത്. വരും കാലങ്ങളിൽ അത് തെറ്റുകളില്ലാതെ നിലനിർത്തപ്പെടേണ്ടതുണ്ട്.
ഈ വേളയിൽ ‘നേർകാഴ്ച’ പ്രസിദ്ധീകരണത്തിൻ്റെ പത്ത് വർഷം പിന്നിട്ടിരിക്കുന്നുവെന്ന സന്തോഷവാർത്ത ഏവരെയും അറിയിക്കുന്നു. പ്രിയ വായനക്കാരുടെ ആത്മാർത്ഥമായ പിന്തുണയും ക്രിയാത്മക വിമർശനവും സ്‌നേഹവുമാണ് ‘നേർകാഴ്ച’യെ ഉള്ളടക്കത്തിലും പ്രചാരത്തിലുമെല്ലാം ഒന്നാമതെത്തിച്ചത്. ഐ.പി.സി.എൻ.എയുടെ മാർഗദർശനവും ഈ അവസരത്തിൽ കൃതജ്ഞതയോടെ സ്മരിക്കുന്നു.
IPCNA media event kicks off; 11th International Media Conference kicks off in New Jersey