സൈമൺ വളാച്ചേരിൽ (ചീഫ് എഡിറ്റർ, നേർകാഴ്ച)
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിൽ നടന്ന ഐ.പി.സി.എൻ.എയുടെ പതിനൊന്നാം അന്താരാഷ്ട്ര കോൺഫറൻസിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിമൻ ഇൻ മീഡിയ കോൺക്ലേവിൽ സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ചുള്ള ചർച്ചകൾ വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങളാൽ ശ്രദ്ധേയമായി. മാധ്യമരംഗത്തും സാമൂഹിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരാണ് സംവാദത്തിൽ പങ്കെടുത്തത്.
റിപ്പോർട്ടർ ടി.വിയുടെ വനിതാ ശബ്ദമായ സുജയ പാർവ്വതിയുടെ കാഴ്ചപ്പാടിൽ സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണ്. “സ്ത്രീയോ പുരുഷനോ എന്നത് പെൻഡുലം പോലെയാണ്. ഇടത്തുനിന്ന് വലത്തേക്കോ വലത്തുനിന്ന് ഇടത്തേക്കോ അതിന്റെ നീക്കം ഒരു ബാലൻസിന്റെ പുറത്താണ്. തൊഴിലിടങ്ങളിലായാലും വീട്ടിലായാലും സമൂഹത്തിന്റെ ഏത് തുറയിലായാലും ഇത് ബാധകമാണ്,” സുജയ അഭിപ്രായപ്പെട്ടു. കലഹിച്ചുകൊണ്ട് പുരുഷന്റെ കയ്യിൽ നിന്ന് സ്ഥാനങ്ങൾ പിടിച്ചുവാങ്ങേണ്ട കാഴ്ചപ്പാടില്ലെന്നും, കഴിവ് കൃത്യമായി ഉപയോഗപ്പെടുത്തുന്നതിലാണ് നിലനിൽപ്പുള്ളതെന്നും അവർ വ്യക്തമാക്കി. കുടുംബത്തിന് ശേഷം മാത്രം കരിയറിന് സ്ഥാനം കൽപ്പിക്കുകയും, രണ്ട് മക്കൾക്ക് ജന്മം നൽകിയതിൽ അഭിമാനിക്കുകയും ചെയ്യുന്ന സുജയ, വുമൺഹുഡ് യാഥാർഥ്യമാകുന്നത് സ്ത്രീയും പുരുഷനും ഒന്നാകുമ്പോഴാണ് എന്നും കൂട്ടിച്ചേർത്തു.
മാതൃഭൂമി ചാനലിന്റെ മുഖമായ മോത്തി രാജേഷ്, പ്രകൃതിയുടെ നിർമിതിക്ക് ഓരോ ലക്ഷ്യമുണ്ടെന്നും സ്ത്രീയും പുരുഷനും ആ ലക്ഷ്യസാക്ഷാത്ക്കാരത്തിനു വേണ്ടി പ്രവർത്തിക്കുന്നവരാണെന്നും ചൂണ്ടിക്കാട്ടി. ഈ ലോകത്ത് ആർക്കും സാധിക്കാത്തതായി ഒന്നുമില്ലെങ്കിലും, ലിംഗഭേദം എന്നത് വ്യത്യസ്തമായി നിലകൊള്ളുന്നു. ഒരു കാര്യത്തെ വളരെ അനുകമ്പയോടെ കാണാൻ പുരുഷനേക്കാൾ സ്ത്രീക്ക് കഴിയും. ഏറ്റവും പ്രിയപ്പെട്ട ഒരാളെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാനുള്ള കഴിവ് പുരുഷനേക്കാൾ സ്ത്രീക്കാണ് കൂടുതലെന്ന് താൻ മനസ്സിലാക്കുന്നുവെന്ന് മോത്തി രാജേഷ് പറഞ്ഞു. എല്ലാ കാര്യങ്ങളും സമചിത്തതയോടെ ചെയ്യാനും ഒരേ സമയം പല കാര്യങ്ങൾ ചെയ്യാനും സ്ത്രീക്ക് സാധിക്കുന്നു. പുരുഷന്മാർ കാണാത്ത ഒരു സാധനം എളുപ്പത്തിൽ കണ്ടുപിടിച്ചു കൊടുക്കാൻ സ്ത്രീക്ക് സാധിക്കുന്നത് പോലുള്ള നിസ്സാരമെന്ന് തോന്നുന്ന വലിയ വ്യത്യാസങ്ങൾ സ്ത്രീയും പുരുഷനും തമ്മിലുണ്ട്. എങ്കിലും, എല്ലാവരും ആഗ്രഹിക്കുന്ന തുല്യത എന്നത് സഹജീവി എന്ന നിലയിൽ പരസ്പരം നൽകുന്ന അംഗീകാരമാണെന്നും, ലിംഗഭേദം ഏതു തന്നെയായാലും നല്ല വ്യക്തിയാവുക എന്നതാണ് പ്രധാനമെന്നും അവർ കൂട്ടിച്ചേർത്തു.
കേരളത്തിൽ വനിതാ കമ്മീഷൻ അംഗമായിരുന്ന പ്രൊഫസർ കെ.എ. തുളസിയുടെ അഭിപ്രായത്തിൽ സ്ത്രീകളുടെ ഇന്നത്തെ അവസ്ഥ പൊതുവേ ആശാസ്യകരമാണ്. പുരാതന കാലഘട്ടത്തിൽ സ്ത്രീയും പുരുഷനും എന്ന വേർതിരിവ് ഉണ്ടായിരുന്നില്ലെങ്കിൽ ഇന്നത് പല സാഹചര്യങ്ങളിലും പ്രകടമാണ്. ഈ മാറ്റം തിരുത്തണമെന്നുണ്ടെങ്കിൽ അതിനു വേണ്ടി വാദിക്കുന്നവർ തന്നെ ആദ്യം മാറേണ്ടതുണ്ടെന്ന് തുളസി ടീച്ചർ ചൂണ്ടിക്കാട്ടി. വ്യക്തി എന്ന നിലയിൽ പരസ്പരം ആശയവിനിമയം ചെയ്ത് മുന്നോട്ട് പോകുമ്പോൾ അവിടെ സ്ത്രീത്വം ആഘോഷിക്കപ്പെടുമെന്നും ടീച്ചർ പറഞ്ഞു.
ഏത് പ്രതിസന്ധി ഘട്ടത്തിലും മാറ്റങ്ങൾ വരുത്താൻ കഴിവുള്ളവരാണ് സ്ത്രീകളെന്ന് ഡോ. ആനി പോൾ അഭിപ്രായപ്പെട്ടു. വെല്ലുവിളികളിലൂടെയും ജീവിത സാഹചര്യങ്ങളിലൂടെയുമാണ് മാറ്റം കൊണ്ടുവരാൻ സാധിക്കുക. കഠിനാധ്വാനത്തിലൂടെ അവസരങ്ങളുടെ വാതിൽ തുറന്ന് നേട്ടങ്ങൾ കൊയ്യുമ്പോഴാണ് സ്ത്രീത്വം അംഗീകരിക്കപ്പെടുകയെന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ഡോ. ആനി പോൾ വ്യക്തമാക്കി.
സ്ത്രീകൾ ഒരുപാട് ത്യാഗം ചെയ്താണ് ഒരു കുടുംബം കെട്ടിപ്പടുക്കുന്നതെന്നാണ് മുതിർന്ന സാമൂഹിക പ്രവർത്തകയായ ലീല മാരേറ്റിന്റെ അഭിപ്രായം. പഴയ കാല സ്ത്രീകൾ പുരുഷാധിപത്യമുള്ള ഒരു സാമൂഹിക പശ്ചാത്തലത്തിലാണ് വളർന്നതെന്നും ശബ്ദിക്കാൻ പോലും അവർക്ക് അവസരമുണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. എന്നാൽ ആധുനിക കാലഘട്ടത്തിൽ പുരുഷന്മാർക്കൊപ്പമോ അവർക്ക് മുകളിലോ ആണ് സ്ത്രീകളുടെ സ്ഥാനം. ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടെന്ന് പറയുന്നതുപോലെ തന്നെ ഏതൊരു സ്ത്രീയുടെ ഉയർച്ചയ്ക്ക് പിന്നിലും ഒരു പുരുഷൻ ഉണ്ടെന്നും ലീല മാരേറ്റ് ഓർമ്മിപ്പിച്ചു.
അതേസമയം, സ്ത്രീയും പുരുഷനും തുല്യരാണെന്ന വാദത്തോട് യോജിക്കുന്നില്ലെന്ന് തങ്കം അരവിന്ദ് പറഞ്ഞു. “ഞാനൊരു സ്ത്രീയാണ്” എന്ന് ആവർത്തിച്ചുള്ള പറച്ചിൽ സ്ത്രീയുടെ അവസരങ്ങളും ശക്തിയും കുറയ്ക്കുമെന്നും തങ്കം ചൂണ്ടിക്കാട്ടി.
സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ചും തുല്യതയെക്കുറിച്ചുമുള്ള വ്യത്യസ്തമായ ഈ അഭിപ്രായങ്ങൾ, ഓരോ വ്യക്തിയും അവരവരുടെ അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ ഈ വിഷയത്തെ എങ്ങനെ സമീപിക്കുന്നു എന്ന് വ്യക്തമാക്കുന്നു. പരസ്പരം പൂരകമായി നിലകൊള്ളുന്നതിലൂടെയും, നല്ല വ്യക്തികളായി അംഗീകരിക്കുന്നതിലൂടെയുമാണ് യഥാർത്ഥ തുല്യത കൈവരുന്നത് എന്ന പൊതുധാരണയും ഈ സംവാദത്തിൽ മുഴച്ചുനിന്നു.
IPCNA’s Women in Media Conclave highlights diverse perspectives on gender equality













