ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസയിൽ ആക്രമണങ്ങൾ നടത്താൻ സൈന്യത്തിന് നിർദേശം നൽകി. വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചെന്ന് ആരോപിച്ചതിനെ തുടർന്നാണ് ഈ നീക്കം. യുഎസ് മധ്യസ്ഥതയിൽ ഒക്ടോബർ 10-ന് നിലവിൽ വന്ന വെടിനിർത്തല് ഇതോടെ ലംഘിക്കപ്പെട്ടു
ഹമാസ് വെടിനിർത്തൽ കരാർ ‘വ്യക്തമായി ലംഘിച്ചു’ എന്ന് നെതന്യാഹു ആരോപിച്ചു. സുരക്ഷാ കൂടിയാലോചനകൾക്ക് ശേഷമാണ് സൈന്യത്തിന് ശക്തമായ പ്രത്യാക്രമണത്തിന് നിർദേശം നൽകിയത്.
തെക്കൻ ഗാസയിലെ റഫായിൽ ഇസ്രായേലി സൈനികർക്ക് നേരെ വെടിവയ്പ്പുണ്ടായെന്നും സൈന്യം തിരിച്ചടിച്ചെന്നും പേര് വെളിപ്പെടുത്താത്ത ഇസ്രായേലി സൈനിക ഉദ്യോഗസ്ഥൻ അസോസിയേറ്റഡ് പ്രസ്സിനോട് (AP) പറഞ്ഞു.
എന്നാൽ ഒക്ടോബർ 10-ന് വെടിനിർത്തൽ നിലവിൽ വന്നതിനുശേഷം ഇസ്രായേൽ 125 തവണ കരാർ ലംഘിച്ചെന്നും, അതിൽ 94 പലസ്തീനികൾ കൊല്ലപ്പെട്ടെന്നും ഗാസയിലെ സർക്കാർ മീഡിയ ഓഫീസ് ആരോപിച്ചു.
നേരത്തെ ഇസ്രായേലി സൈന്യം കണ്ടെത്തി അടക്കം ചെയ്ത ബന്ദിയുടെ ഭാഗികമായ മൃതദേഹമാണ് ഹമാസ് കൈമാറിയതെന്ന് ഇസ്രായേൽ ആരോപിച്ചു. ഇത് കരാർ ലംഘനവുമാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
എന്നാൽ, ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇസ്രായേൽ തടസ്സപ്പെടുത്തുകയാണെന്ന് ഹമാസ് ആരോപിച്ചു.
വെടിനിർത്തൽ നിലനിൽക്കെയും ഗാസയിലുടനീളം സ്ഫോടന ശബ്ദങ്ങളും ഡ്രോണുകളുടെ സാന്നിധ്യവും തുടരുന്നു. ഇത് വെടിനിർത്തലിന്റെ ‘ദുർബലത’ വ്യക്തമാക്കുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.













