തീവ്രവാദം പഠിപ്പിക്കാൻ ജെയ്‌ഷെ മുഹമ്മദ്; സ്ത്രീകൾക്കായി ഓൺലൈൻ ക്ലാസ്, ഫീസ് 500 രൂപ

തീവ്രവാദം പഠിപ്പിക്കാൻ ജെയ്‌ഷെ മുഹമ്മദ്; സ്ത്രീകൾക്കായി ഓൺലൈൻ ക്ലാസ്, ഫീസ് 500 രൂപ

ഇസ്ലാമാബാദ്: പാകിസ്താൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പുതുതായി രൂപീകരിച്ച വനിതാ വിഭാഗമായ ‘ജമാഅത്ത് ഉൽ മുഅമിനാത്ത്’ റിക്രൂട്ട്‌മെന്റ് വിപുലീകരിക്കുന്നു. സംഘടനയിലെ ഉന്നത നേതാക്കളുടെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെയുള്ള സ്ത്രീകളെ ഉൾപ്പെടുത്തിയാണ് ജെയ്‌ഷെ വനിതാ വിഭാഗത്തെ ശക്തമാക്കുന്നത്. ഇത്തരത്തിൽ ചേർക്കുന്ന വനിതാ അംഗങ്ങൾക്കായി ‘തുഫത് അൽ മുമിനാത്’ എന്ന പേരിൽ ഒരു ഓൺലൈൻ പ്രോഗ്രാം ജെയ്‌ഷെ ആരംഭിച്ചിരിക്കുകയാണ്. ഓൺലൈൻ കോഴ്‌സ് ഫീസ് 500 രൂപയാണ്. ദിവസവും 40 മിനിറ്റ് വീതമുള്ള ഓൺലൈൻ ക്ലാസുകളാണ് നവംബർ 8ന് ആരംഭിക്കാൻ നിശ്ചയിച്ചിട്ടുള്ളത്. ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരിമാരായ സാദിയ അസ്ഹറും സമൈറ അസ്ഹറുമാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ക്ലാസുകൾ നയിക്കുക.

സ്ത്രീകളെ ജയ്‌ഷെ മുഹമ്മദിന്റെ വനിതാ ബ്രിഗേഡിലേക്ക് ആകർഷിക്കുകയും റിക്രൂട്ട് ചെയ്യുകയുമാണ് ഓൺലൈൻ കോഴ്‌സിന്റെ പ്രധാന ലക്ഷ്യം. ജിഹാദ് പ്രവർത്തനത്തിൽ സ്ത്രീകളുടെ കടമകളെക്കുറിച്ചാണ് ക്ലാസുകളിൽ പ്രധാനമായും പഠിപ്പിക്കുന്നത്. ഓൺലൈൻ വഴിയും കുടുംബത്തിൽ നിന്നും വിദേശത്ത് നിന്നും സ്ത്രീകളെ സംഘടനയിൽ അംഗങ്ങളാക്കാനാണ് ലക്ഷ്യമിടുന്നത്. ആളുകളെ ചേർക്കുന്ന ഈ രീതി സംഘടനയെ നിലനിർത്താൻ സഹായിക്കുമെന്നാണ് ജെയ്‌ഷെ വിലയിരുത്തുന്നത്.

500 രൂപ ഫീസായി ഈടാക്കുന്നത് സംഘടനയ്ക്ക് പണം കണ്ടെത്താനുള്ള ഒരു മറ മാത്രമാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. ആയുധങ്ങളുടെ കൈമാറ്റം, രഹസ്യ വിവരങ്ങൾ ശേഖരിക്കൽ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളിലാകും സ്ത്രീകളെ ജെയ്‌ഷെ കൂടുതലായി ഉപയോഗിക്കുക. ആവശ്യമെങ്കിൽ ചാവേറായുള്ള അപകടകരമായ ദൗത്യങ്ങൾക്കും ഇവരെ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

ദിവസവും ഏകദേശം 40 മിനിറ്റ് ദൈർഘ്യമുള്ള ഓൺലൈൻ ക്ലാസുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഭീകരർക്കുള്ള സ്വാധീനമാണ് തുറന്നുകാട്ടുന്നത്. പാകിസ്താൻ, അഫ്ഗാനിസ്താൻ, കശ്മീർ എന്നിവിടങ്ങളിലെയും വിദേശത്തുമുള്ള ആളുകളെ എളുപ്പത്തിൽ ബന്ധപ്പെടാനും അവരിലേക്ക് എത്താനും ഈ രീതി ജെയ്‌ഷെയ്ക്ക് സഹായകമാകും.

ജയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട പരിപാടികൾ പരസ്യമായി നടക്കുന്നത് പാകിസ്താനിലെ നിയമ നിർവഹണ സംവിധാനങ്ങളുടെ പരാജയമാണെന്ന് വിമർശകർ പരിഹസിച്ചു. ഇത്തരം നീക്കം പാകിസ്താന്റെ തീവ്രവാദ വിരുദ്ധ പ്രതിജ്ഞകൾക്ക് വിരുദ്ധമാണ്. ഇത്തരം പദ്ധതികൾ പ്രവർത്തിക്കാനും വളരാനും സഹായിക്കുന്ന സംവിധാനങ്ങൾ രാജ്യത്തുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നുണ്ട്.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, സാമ്പത്തിക നിയന്ത്രണ ഏജൻസികൾ, പ്രാദേശിക പങ്കാളികൾ എന്നിവർ ഒരുമിച്ച് പ്രവർത്തിച്ച് ഇത്തരം തീവ്രവാദ ശൃംഖലകൾ വളരുന്നതിന് മുമ്പ് തടയണമെന്ന് സുരക്ഷാ വിദഗ്ധർ ആവശ്യപ്പെടുന്നു. പണമിടപാടുകൾ സുതാര്യമായി അന്വേഷിക്കണമെന്നും, ചാരിറ്റബിൾ അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും അവർ ഊന്നിപ്പറയുന്നു.

Jaish-e-Mohammed to teach terrorism; Online class for women, fee Rs 500

Share Email
Top