ജസ്റ്റിസ് സൂര്യ കാന്ത് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്,നവംബർ 24-ന് ചുമതലയേൽക്കും

ജസ്റ്റിസ് സൂര്യ കാന്ത് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്,നവംബർ 24-ന് ചുമതലയേൽക്കും

ഡെൽഹി : സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യ കാന്തിനെ നിയമിച്ചു. ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി അദ്ദേഹം അടുത്ത മാസം നവംബർ 24-ന് ചുമതലയേൽക്കും. നിലവിലെ ചീഫ് ജസ്റ്റിസായ ഭൂഷൺ ആർ. ഗവായി നവംബർ 23-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ജസ്റ്റിസ് സൂര്യ കാന്തിന്റെ നിയമന ശുപാർശ രാഷ്ട്രപതി അംഗീകരിച്ചതായി കേന്ദ്ര നിയമ മന്ത്രാലയത്തിലെ നീതിന്യായ വകുപ്പ് വിജ്ഞാപനം പുറത്തിറക്കി.

ജസ്റ്റിസ് സൂര്യ കാന്തിന് ഏകദേശം 15 മാസത്തോളം ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കാൻ അവസരം ലഭിക്കും. 2027 ഫെബ്രുവരി 9-നാണ് അദ്ദേഹം 65 വയസ് പൂർത്തിയാക്കി സ്ഥാനമൊഴിയുക. ഹരിയാനയിലെ ഹിസാർ സ്വദേശിയായ ജസ്റ്റിസ് സൂര്യ കാന്ത്, ഹരിയാനയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ്. അദ്ദേഹത്തിന്റെ നിയമപരമായ ഔദ്യോഗിക ജീവിതത്തിൽ 38-ാം വയസ്സിൽ ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായി അദ്ദേഹം സേവനമനുഷ്ഠിച്ചു. കൂടാതെ 42-ാം വയസ്സിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. ഹൈക്കോടതി ജഡ്ജിയായി 14 വർഷത്തിലേറെ സേവനം അനുഷ്ഠിച്ച ശേഷം 2018 ഒക്ടോബറിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി അദ്ദേഹം ചുമതലയേറ്റു. 2019 മെയ് 24 മുതലാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായത്.

ചരിത്രപരമായ പല കേസുകളിലും ജസ്റ്റിസ് സൂര്യ കാന്ത് ഭാഗമായിരുന്നു. കൊളോണിയൽ കാലഘട്ടത്തിലെ രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രധാന ബെഞ്ചിൽ അദ്ദേഹം അംഗമായിരുന്നു. ഈ നിയമം സർക്കാർ പുനഃപരിശോധന പൂർത്തിയാകുന്നത് വരെ പുതിയ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യരുതെന്നും ആ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. നിയമജ്ഞൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സുദീർഘമായുള്ള അനുഭവപരിചയം രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന് മുതൽക്കൂട്ടാകും.

Share Email
LATEST
Top