ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസാകും: ബി.ആർ. ഗവായ് ശുപാർശ ചെയ്തു

ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസാകും: ബി.ആർ. ഗവായ് ശുപാർശ ചെയ്തു

ന്യൂഡൽഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്തിനെ നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ശുപാർശ ചെയ്തു. നവംബർ 23-നാണ് ജസ്റ്റിസ് ഗവായ് വിരമിക്കുന്നത്. സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചാൽ, സൂര്യകാന്ത് ഇന്ത്യയുടെ അമ്പത്തിമൂന്നാമത് ചീഫ് ജസ്റ്റിസായി അടുത്ത ദിവസം ചുമതലയേൽക്കും. 2027 ഫെബ്രുവരി ഒൻപത് വരെ അദ്ദേഹത്തിന് സർവീസുണ്ട്. പിൻഗാമിയെ നാമനിർദേശം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ഒക്ടോബർ 23-ന് ജസ്റ്റിസ് ഗവായിക്ക് കത്തയച്ചിരുന്നു.

ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം ഏറ്റെടുക്കാൻ കഴിവുള്ളവനും യോഗ്യനുമാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ഹരിയാനയിൽനിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയായിരിക്കും ജസ്റ്റിസ് സൂര്യകാന്ത്. മുപ്പത്തിയെട്ടാം വയസ്സിൽ അദ്ദേഹം ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായി. നാൽപ്പത്തിരണ്ടാം വയസ്സിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു. ഹൈക്കോടതി ജഡ്ജിയായി പതിന്നാല് വർഷത്തിലേറെ സേവനമനുഷ്ഠിച്ചു. 2018 ഒക്ടോബറിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2019 മെയ് 24-ന് സുപ്രീം കോടതിയിലെത്തി.

ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം തേടി നിയമമന്ത്രി കത്ത് നൽകുന്നതാണ് നിയമന നടപടികളുടെ ആദ്യഘട്ടം. പിന്നാലെ, സീനിയോറിറ്റിയിൽ മുന്നിലുള്ള ജസ്റ്റിസിന്റെ പേര് നിർദേശിച്ച് ചീഫ് ജസ്റ്റിസ് സർക്കാരിന് കത്ത് നൽകും. നിർദേശിച്ച പേരിന് കേന്ദ്രാനുമതിയും രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചാൽ പുതിയ ചീഫ് ജസ്റ്റിസായി അദ്ദേഹം ചുമതലയേൽക്കും.

Justice Surya Kant will be the next Chief Justice: BR Gavai recommends

Share Email
Top