ശരത്കാല സായന്തനത്തില്‍ സര്‍ഗ പ്രതിഭ ഈശോ ജേക്കബിനെ അനുസ്മരിച്ച് കേരള റൈറ്റേഴ്‌സ് ഫോറം

ശരത്കാല സായന്തനത്തില്‍ സര്‍ഗ പ്രതിഭ ഈശോ ജേക്കബിനെ അനുസ്മരിച്ച് കേരള റൈറ്റേഴ്‌സ് ഫോറം

ചെറിയാന്‍ മഠത്തിലേത്ത്

ഹൂസ്റ്റണ്‍: നമ്മള്‍ ശരത്ക്കാലത്തിന്റെ ഇലപൊഴിയുന്ന മനോഹരമായ കാഴ്ചയിലാണ്. മരങ്ങളില്‍ ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ഇലകള്‍ ഒരു പുഷ്പാവരണമായി പരിലസിക്കുന്നു. ഗ്രീഷ്മത്തില്‍ നിന്നും തണുപ്പുകാലത്തേക്കുള്ള മാറ്റമാണ് ശരത്ക്കാലം അഥവാ ഓട്ടം സീസണ്‍. ശരത്കാലം വിളവെടുപ്പുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തില്‍ ശരത്കാലത്തിന്റെ പ്രതീകം സുന്ദരിയായ, ആരോഗ്യമുള്ള പഴങ്ങളാലും പച്ചക്കറികളാലും അലങ്കരിച്ച സ്ത്രീ ആണ്. പല സംസ്‌കാരങ്ങളിലും വളരെ പ്രധാനപ്പെട്ട ശരത്കാല ഉത്സവങ്ങള്‍ ഉണ്ട്. അമേരിക്കയിലെ ‘താങ്ക്‌സ്ഗിവിംഗ്’, യഹൂദന്മാരുടെ ‘സുക്കോത്’ തുടങ്ങിയവ ശരത്കാല ഉത്സവങ്ങള്‍ ആണ്.

ഹാലോവീന്റെ ആഘോഷത്തില്‍ ഹൂസ്റ്റണ്‍ നഗരം സുന്ദരമായിരിക്കുന്നു. പാകംചെന്ന പംകിനുകള്‍ അലങ്കരിച്ചു വച്ച ആ ഉല്‍സവത്തിന്റെ തുടിപ്പില്‍, വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറം പതിവുപോലെ ചര്‍ച്ചകളും വിലയിരുത്തലുകളുമൊക്കെയായി സ്റ്റാഫോര്‍ഡിലെ കേരള റസ്റ്റോറന്റ് ആന്റ് ഇന്ത്യന്‍ ക്വസിനില്‍ ഒത്തുകൂടി.

ഹൂസ്റ്റണിലെ സാമൂഹിക-സാഹിത്യ-മാദ്ധ്യമ രംഗങ്ങളിലെ നിറസാന്നിധ്യവും സ്‌നേഹാര്‍ദ്രമായ പ്രവര്‍ത്തന ശൈലികൊണ്ട് ഏവര്‍ക്കും പ്രിയങ്കരനുമായിരുന്ന ഈശോ ജേക്കബിന്റെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണമായിരുന്നു ഇത്തവണത്തെ അജണ്ട. അദ്ദേഹത്തിന്റെ ഒരു ലഘു ചരിത്രമിങ്ങനെ… ഹൂസ്റ്റണില്‍ നിന്ന് 1988-ല്‍ പ്രസിദ്ധീകരണം ആരംഭിച്ച ‘മലയാള മനോരാജ്യം’ എന്ന വാര്‍ത്താ വാരികയിലൂടെ ഇവിടുത്തെ മാധ്യമരംഗത്തു വന്ന ഈശോ ജേക്കബ് കോട്ടയം വാഴൂര്‍ ചുങ്കത്തില്‍ പറമ്പില്‍ കുടുംബാംഗമാണ്. ഈശോ 37 വര്‍ഷം അമേരിക്കയില്‍ ജീവിച്ചു.

ചങ്ങനാശേരി എസ്.ബി കോളജില്‍നിന്നും നിന്നും ബിരുദാനനന്തര ബിരുദമെടുത്ത ഇദ്ദേഹം കോട്ടയം സി.എം.എസ് കോളജിലും വാഴൂര്‍ എന്‍.എസ്.എസ് കോളജിലും പഠനം നടത്തി. അമേരിക്കയിലെ മുന്‍നിര ഇന്‍ഷുറന്‍സ് കമ്പിനികളിലെ ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്രതിനിധിയായി രണ്ടു പതിറ്റാണ്ടിലേറെ സേവനം അനുഷ്ഠിച്ചു. പ്രവര്‍ത്തന ശൈലികൊണ്ട് ഏവര്‍ക്കും പ്രിയങ്കരനായിരുന്ന ഈശോ, ലൈഫ് അണ്ടര്‍റൈറ്റേഴ്സ് ട്രെയിനിങ് കൗണ്‍സില്‍, അമേരിക്കന്‍ കോളജ് പെന്‍സില്‍വാനിയയുടെയും ഫെലോഷിപ്പ് നേടിയിട്ടുണ്ട്.

ഈശോ പ്രോപ്പര്‍ട്ടീസിന്റെ ഉടമയായിരുന്ന ഈശോജേക്കബ് ഹൂസ്റ്റണിലെ ഇന്തോ-അമേരിക്കന്‍ ബിസിനസ് ഫോറത്തിന്റെ വൈസ് ചെയര്‍മാനായിരുന്നു. ചങ്ങനാശേരി സെന്റ് വിന്‍സന്റ് ഡീ പോള്‍ സെമിനാരിയില്‍ അധ്യാപകന്‍, മലയാള മനോരമയില്‍ സബ് എഡിറ്റര്‍ ട്രെയിനി, കറസ്പോണ്ടന്റ്, ഫോര്‍ട്ട് ബെന്‍ഡ് സ്റ്റാര്‍ ന്യൂസ് വീക്കിലി പ്രൊഡക്ഷന്‍ മാനേജര്‍, വോയിസ് ഓഫ് ഏഷ്യ എഡിറ്റര്‍, അക്ഷരം ഇന്റര്‍നാഷനല്‍ മലയാളം മാഗസിന്‍ റസിഡന്റ് എഡിറ്റര്‍ എന്നീ നിലകകളില്‍ പ്രവര്‍ത്തിച്ചു. ഏഷ്യന്‍സ് സ്മൈല്‍സ്, ഹൂസ്റ്റണ്‍ സ്മൈല്‍സ് എന്നീ മാഗസിനുകളുടെ പബ്ലീഷര്‍, ന്യൂ ഇംഗ്ലണ്ട് ബിസിനസ് സര്‍വീസില്‍ സെയില്‍സ് കണ്‍സള്‍ട്ടന്റ്, കിന്‍കോസ് കോര്‍പ്പറേഷന്‍ കമ്പ്യൂട്ടര്‍ സര്‍വീസസ് കണ്‍സള്‍ട്ടന്റ്, കേരളാ റൈറ്റേഴ്സ് ഫോറം സെക്രട്ടറി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ദൈവശാസ്ത്രം, ഭാഷാശാസ്ത്രം, സംഖ്യാസാസ്ത്രം തുടങ്ങിയ മേഖലകളില്‍ ഈശോ ജേക്കബിന്റെ വിമര്‍ശനാത്മകമായ നിരീക്ഷണം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്ന് ജോണ്‍ മാത്യു പറഞ്ഞു. വ്യക്തിപരമായ അനുഭവപരിചയം പ്രോല്‍സാഹിപ്പിക്കുന്നതിന് പകരം വ്യവസ്ഥാപിതമായ സഭാ സംവിധാനങ്ങളെ അദ്ദേഹം എതിര്‍ത്തിരുന്നു. എല്ലാ ഭാഷകളും പരസ്പര പൂരകങ്ങളാണെന്ന് അഭിപ്രായപ്പെട്ട ഈശോ ജേക്കബ് ദക്ഷിണേന്ത്യന്‍ ഭാഷ, ലോകത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ഭാഷയെന്നാല്‍ പുരാതനമായ തമിഴാണ്. മലബാറിന്റെ മാതൃഭാഷയായിരുന്നു അത്.

ഇക്കാര്യത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടും അദ്ദേഹം നിര്‍ഭയനായി തന്റെ ഗവേഷണം തുടര്‍ന്നുവെന്ന് ജോണ്‍ മാത്യു ചൂണ്ടിക്കാട്ടി. ദ്രാവിഡ ഭാഷയും ആഫ്രോ ഏഷ്യന്‍ കുടുംബത്തിലെ സെമിറ്റിക് ഭാഷയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഈശോ ജേക്കബ് ലേഖനങ്ങള്‍ എഴുതി. സംഖ്യാ ശാസ്ത്രത്തെക്കുറിച്ചും നിരവധി പഠനങ്ങള്‍ നടത്തി. മരണം വരെയും അദ്ദേഹം അമേരിക്കയിലെ നിരവധി യൂണ്വേഴ്‌സിറ്റികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. അതേസമയം ഊശോ ജേക്കബ് വിജയംവരിച്ച ബിസിനസുകാരന്‍ കൂടിയായിരുന്നുവെന്ന് പലരും അനുസ്മരിച്ചു.

തദവസരത്തില്‍ ബാബു കുരൂര്‍ ‘മറ്റൊരു നാളെ’ എന്ന കവിത ചൊല്ലി.

”നാളെ
ഉന്‍മാദ ലഹരിയി-
ലുറങ്ങും പകലായ്
ഈ രാത്രിയെ
ദ്യോതിപ്പിക്കുവ-
തെത്ര കാമ്യം…”

ഡോ. ജോസഫ് പൊന്നോലി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോസഫ് നമ്പിമഠം ചര്‍ച്ചയുടെ മോഡറേറ്ററായി. മാത്യു നെല്ലിക്കുന്ന്. ഡോളി കാച്ചപ്പിള്ളി, ജോസഫ് തച്ചാറ, എ.സി ജോര്‍ജ്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേരള റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി മോട്ടി മാത്യു കൃതജ്ഞത പ്രകാശിപ്പിച്ചു.

Keala Writers Forum Houston meeting in memory of Easo Jacob

Share Email
Top