ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ടൂര്‍ണ്ണമെന്റില്‍ കരുത്തരായ മുംബൈയെ ആറ് വിക്കറ്റിന് കേരളം തകര്‍ത്തു

ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ടൂര്‍ണ്ണമെന്റില്‍ കരുത്തരായ മുംബൈയെ ആറ് വിക്കറ്റിന് കേരളം തകര്‍ത്തു

മൊഹാലി : ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ടൂര്‍ണ്ണമെന്റില്‍ കരുത്തരായ മുംബൈയ്‌ക്കെതിരെ ഉജ്ജ്വല വിജയവുമായി കേരളം. അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരാട്ടത്തിലാണ് കേരളം മുംബൈ ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യം മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഒരു പന്ത് ബാക്കി നില്‌ക്കെ ലക്ഷ്യത്തിലെത്തി. അര്‍ദ്ധ സെഞ്ച്വറിയുമായി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ സജന സജീവനാണ് കേരളത്തിന്റെ വിജയശില്പി. സജന തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.

ടോസ് നേടിയ കേരളം മുംബൈയെ ആദ്യം ബാറ്റ് ചെയ്യാനയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഒരു വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ ഹുമൈറ കാസിയുടെ ഉജ്ജവല ഇന്നിങ്‌സ് മുംബൈയ്ക്ക് തുണയായി. ഒരറ്റത്ത് വിക്കറ്റുകള്‍ മുറയ്ക്ക് വീഴുമ്പോഴും മറുവശത്ത് ഉറച്ച് നിന്ന ഹുമൈറയുടെ മികവിലാണ് മുംബൈയുടെ സ്‌കോര്‍ 151ല്‍ എത്തിയത്. 48 പന്തുകളില്‍ നിന്ന് പത്ത് ഫോറുകളും ഒരു സിക്‌സുമടക്കം 69 റണ്‍സാണ് ഹുമൈറ നേടിയത്. അവസാന ഓവറുകളില്‍ 10 പന്തുകളില്‍ നിന്ന് 26 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഖുഷിയും മുംബൈയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചു. കേരളത്തിന് വേണ്ടി എസ് ആശയും ടി ഷാനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റെ ഓപ്പണര്‍മാര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. അക്ഷയ എട്ടും പ്രണവി ചന്ദ്ര 13ഉം റണ്‍സെടുത്ത് പുറത്തായി. ഏഴ് റണ്‍സുമായി എസ് ആശ കൂടി മടങ്ങിയതോടെ മൂന്ന് വിക്കറ്റിന് 55 റണ്‍സെന്ന നിലയിലായിരുന്നു കേരളം. തുടര്‍ന്നെത്തിയ സജന സജീവന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് കളി കേരളത്തിന്റെ വരുതിയിലാക്കിയത്. 34 പന്തില്‍ 43 റണ്‍സെടുത്ത ദൃശ്യ മികച്ച പിന്തുണ നല്കി. ദൃശ്യയ്ക്ക് ശേഷമെത്തിയ അലീന സുരേന്ദ്രനും സജനയ്‌ക്കൊപ്പം ഉറച്ച് നിന്ന് പൊരുതി. 31 പന്തുകളില്‍ ഏഴ് ഫോറും ഒരു സിക്‌സുമടക്കം 51 റണ്‍സുമായി പുറത്താകാതെ നിന്ന സജന അവസാന ഓവറിലെ അഞ്ചാം പന്തില്‍ ടീമിനെ വിജയത്തിലെത്തിച്ചു. അലീന സുരേന്ദ്രന്‍ 25 റണ്‍സുമായി പുറത്താകാതെ നിന്നു.

ജയിച്ചെങ്കിലും കേരളത്തിന് അടുത്ത റൌണ്ടിലേക്ക് മുന്നേറാനായില്ല. 24 പോയിന്റുള്ള വിദര്‍ഭയ്ക്ക് പിന്നില്‍ 20 പോയിന്റ് വീതം നേടി കേരളവും മുംബൈയും ബറോഡയും ഒപ്പത്തിനൊപ്പമെത്തി. എന്നാല്‍ മികച്ച റണ്‍ശരാശരിയുള്ള മുംബൈ വിദര്‍ഭയ്‌ക്കൊപ്പം അടുത്ത റൌണ്ടിലേക്ക് മുന്നേറി.

Kerala crushes Mumbai by six wickets in National Senior Women’s Twenty20 tournament

Share Email
LATEST
Top