തിരുവനന്തപുരം: കേരളം അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമാകുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളപിറവി ദിനമായ നവംബര്‍ ഒന്നിന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും.
ചടങ്ങില്‍ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ ഹാസന്‍ എന്നിവര്‍ പ്രത്യേക അതിഥികളായി പങ്കെടുക്കും. സംസ്ഥാന മന്ത്രിമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും താങ്ങാനാവാത്ത അവസ്ഥയാണ് അതിദാരിദ്ര്യം. ലോകബാങ്കിന്റെ നിര്‍വചനമനുസരിച്ച് പ്രതിദിനം 180 രൂപയില്‍ താഴെ വരുമാനത്തോടെ ജീവിക്കുന്നവരാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യയുടെ ബഹുമുഖ ദാരിദ്ര്യ സൂചിക (എംപിഐ) പോഷകാഹാരം, ഭവനം, ശുചിത്വം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ പരിഗണിക്കുന്നു.
2021ല്‍ സംസ്ഥാന സര്‍ക്കാര്‍ ‘അതിദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതി’ (ഇ.പി.ഇ.പി.) ആരംഭിച്ചു. തദ്ദേശ പഞ്ചായത്തുകളോടൊപ്പം, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ സ്വയം സഹായ ശൃംഖലകള്‍ പങ്കാളികളായുള്ള കുടുംബശ്രീയുടെ നേതൃത്വത്തില്‍ താഴെ തട്ടില്‍ നടത്തിയ സര്‍വേയോടെയാണ് ഇത് ആരംഭിച്ചത്. സര്‍വേയില്‍ അതി ദാരിദ്ര്യത്തില്‍ കഴിയുന്ന 64,006 കുടുംബങ്ങളെ കണ്ടെത്തി. ഇത് സംസ്ഥാന ജനസംഖ്യയുടെ ഏകദേശം 0.2 ശതമാനമാണ്.
അടുത്ത വെല്ലുവിളി ഓരോ കുടുംബത്തിനും വേണ്ടി വ്യക്തിഗത മൈക്രോ പ്ലാനുകള്‍ രൂപപ്പെടുത്തുക എന്നതായിരുന്നു. പാര്‍പ്പിടമില്ലായ്മ, ഉപജീവനമാര്‍ഗ്ഗത്തിലെ പ്രശ്നങ്ങള്‍, വിട്ടുമാറാത്ത രോഗങ്ങള്‍ മൂലമുള്ള അനാരോഗ്യം, രേഖകള്‍ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ ലഭിക്കാത്തത് തുടങ്ങി വിവിധങ്ങളായ കാര്യങ്ങള്‍ അതിദാരിദ്ര്യത്തിന് കാരണമായി.
Kerala is free from extreme poverty: Announcement on Kerala Piravi Day













