കൊല്ലം: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ കപ്പൽ ജീവനക്കാർ സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണൻ (35) മരിച്ചു. അപകടം നടന്ന് ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ ശ്രീരാഗിൻ്റെ മൃതദേഹം കണ്ടെത്തുകയും, ഇത് തിരിച്ചറിഞ്ഞതായി കുടുംബത്തിന് ഔദ്യോഗിക അറിയിപ്പ് ലഭിക്കുകയും ചെയ്തു.
കൊല്ലം തേവലക്കര നടുവിലക്കര ‘ഗംഗ’യിൽ രാധാകൃഷ്ണപിള്ളയുടെയും ഷീലയുടെയും മകനാണ് ശ്രീരാഗ്. സീ ക്വസ്റ്റ്’ എന്ന കപ്പലിൽ ഇലക്ട്രോ ടെക്നിക്കൽ ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു. ഏഴ് വർഷമായി കപ്പൽ ജീവനക്കാരനായ ശ്രീരാഗ് കഴിഞ്ഞ മൂന്നര വർഷമായി മൊസാംബിക്കിൽ ജോലി ചെയ്യുന്നു.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്തിനു സമീപമായിരുന്നു അപകടം. നങ്കൂരമിട്ടിരുന്ന കപ്പലിലേക്ക് ജീവനക്കാരെ കൊണ്ടുപോയ ലോഞ്ച് ബോട്ട് ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു.
അപകടസമയത്ത് 21 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ 14 പേർ ഇന്ത്യക്കാരായിരുന്നു. അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആറ് മാസത്തെ അവധിക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രീരാഗ് മൊസാംബിക്കിലേക്ക് തിരിച്ചുപോയത്. ചൊവ്വാഴ്ചയാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ഭാര്യ ജിത്തു. ഒൻപത് വയസ്സുള്ള അനശ്വര, അഞ്ച് വയസ്സുള്ള അതിഥി എന്നിവരാണ് മക്കൾ.
ഇതേ അപകടത്തിൽ കാണാതായ എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്ത് സന്തോഷിനായുള്ള (22) തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. പ്രതികൂല കാലാവസ്ഥയിലും മൊസാംബിക്ക് കോസ്റ്റ് ഗാർഡും പ്രാദേശിക അധികൃതരും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. കുടുംബാംഗങ്ങൾക്ക് വിവരങ്ങൾ കൈമാറുന്നതിനും മറ്റ് സഹായങ്ങൾക്കുമായി ഇന്ത്യൻ എംബസി ഇടപെടൽ തുടരുന്നുണ്ട്.