സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്, 24 മണിക്കൂറിനുള്ളിൽ തുലാവർഷം ആരംഭിച്ചേക്കും

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്, 24 മണിക്കൂറിനുള്ളിൽ തുലാവർഷം ആരംഭിച്ചേക്കും

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം പൂർണമായും പിൻവാങ്ങി തുലാവർഷം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) മുന്നറിയിപ്പ് നൽകി. കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും. ഇതിൻ്റെ ഭാഗമായി വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം നിലനിൽക്കുന്ന ചക്രവാതച്ചുഴി ഞായറാഴ്ചയോടെ കേരള-കർണാടക തീരത്തിനടുത്ത് ന്യൂനമർദ്ദമായി ശക്തിപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. നിലവിൽ, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് ഉൾപ്പെടെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും, നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവരും അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Share Email
Top