തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം. ശ്രീയിൽ കേരളം ഒടുവിൽ പങ്കാളികളായി. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി സംസ്ഥാനം ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് കരാറിൽ ഒപ്പുവെച്ചത്. തടഞ്ഞുവെച്ച ഫണ്ടുകൾ ഉടൻ സംസ്ഥാനത്തിന് കൈമാറുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകി. 1500 കോടി രൂപയുടെ ഫണ്ട് ഉടൻ ലഭ്യമാകും.
സി.പി.ഐയുടെ എതിർപ്പ്
പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിടുന്ന വിഷയത്തിൽ സംസ്ഥാന മന്ത്രിസഭയിൽ സി.പി.ഐ ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു. മൂന്ന് തവണയാണ് സി.പി.ഐ പദ്ധതിക്ക് എതിരായി നിലപാടെടുത്തത്.
പദ്ധതി നടപ്പാക്കുമ്പോൾ സംസ്ഥാനത്തിന്റെ അധികാരങ്ങൾ കേന്ദ്രം കവർന്നെടുക്കുമെന്ന ആശങ്കയായിരുന്നു സി.പി.ഐ. പ്രകടിപ്പിച്ചത്. എന്നാൽ, ഈ തടസ്സങ്ങളെല്ലാം നീക്കി കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണയിലെത്തിയതോടെ പദ്ധതിയിൽ കേരളം ഔദ്യോഗികമായി ഭാഗമായിരിക്കുകയാണ്.