പത്തനംതിട്ട: കെപിസിസി പുനഃസംഘടനയെത്തുടർന്ന് കോൺഗ്രസിൽ അതൃപ്തി പുകയുന്നു. എംഎൽഎയായ ചാണ്ടി ഉമ്മൻ അടക്കമുള്ള നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധസൂചകമായി കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്ര ചാണ്ടി ഉമ്മൻ ബഹിഷ്‌കരിച്ചതായി റിപ്പോർട്ടുകളുണ്ട്.
അടൂർ പ്രകാശ് എംപി നയിക്കുന്ന യാത്രയുടെ റാന്നിയിലെ സ്വീകരണത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ചാണ്ടി ഉമ്മൻ വിട്ടുനിന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന അദ്ദേഹത്തെ അവസാന നിമിഷം ഒഴിവാക്കിയതിലാണ് പ്രധാനമായും പരാതി. യൂത്ത് കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് അബിൻ വർക്കിയെ പിന്തുണച്ചതാണ് ചാണ്ടി ഉമ്മന് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ.
യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ പദവിയിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നു. തനിക്ക് മാനസിക വിഷമം ഉണ്ടാക്കിയ സംഭവമാണിതെന്നും, ഒരു ചോദ്യം പോലും ചോദിക്കാതെയാണ് നീക്കിയതെന്നും, പറഞ്ഞിരുന്നെങ്കിൽ രാജിവെച്ച് ഒഴിഞ്ഞേനെയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ പ്രവർത്തിക്കാൻ സ്ഥാനമാനങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം പിന്നീട് പ്രതികരിച്ചു.
മുതിർന്ന നേതാവ് കെ. മുരളീധരനും പുനഃസംഘടനയിൽ ഒളിയമ്പുമായി എത്തി. തൃശ്ശൂർ ഡിസിസി മുൻ പ്രസിഡന്റ് ജോസ് വള്ളൂരിനെ കെപിസിസി ജനറൽ സെക്രട്ടറിയാക്കിയതിലാണ് മുരളീധരൻ നീരസം പ്രകടമാക്കിയത്. തൃശ്ശൂരിൽ താൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ജോസ് വള്ളൂരിന്റെ നേതൃത്വത്തിലുള്ള ഡിസിസി കമ്മിറ്റിയുടെ പ്രവർത്തനത്തിൽ അതൃപ്തിയുണ്ടായിരുന്ന കാര്യം സൂചിപ്പിച്ച് ‘തിരഞ്ഞെടുപ്പിൽ സഹായിച്ചതാണല്ലോയെന്നും അപ്പോൾ അവർക്ക് സ്ഥാനം നൽകണമല്ലോ’ എന്നും അദ്ദേഹം പ്രതികരിച്ചു. അഭിപ്രായങ്ങൾ കെപിസിസി പ്രസിഡന്റിനെ നേരിട്ട് വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കാലമായതിനാൽ പരസ്യ ചർച്ചയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കിയ മറ്റൊരു നേതാവാണ് വനിതാ നേതാവ് ഡോ. ഷമ മുഹമ്മദ്. ‘കഴിവ് ഒരു മാനദണ്ഡമാണോ’ എന്ന പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായാണ് അവർ രംഗത്തെത്തിയത്. പുനഃസംഘടനയിൽ പരിഗണിക്കണമെന്ന് ഷമ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും നേതൃത്വം അവരെ ഒഴിവാക്കുകയായിരുന്നു.
ജംബോ കമ്മിറ്റിയും ന്യായീകരണവും
13 വൈസ് പ്രസിഡന്റുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ജംബോ പട്ടികയാണ് കെപിസിസി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. പുതുക്കിയ രാഷ്ട്രീയകാര്യ സമിതിയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ, വി കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, സി പി മുഹമ്മദ്, പന്തളം സുധാകരൻ, എ കെ മണി എന്നിവർ ഉൾപ്പെടെ 6 പേരെ കൂടി ഉൾപ്പെടുത്തി. ബിജെപിയിൽ നിന്നെത്തിയ സന്ദീപ് വാര്യർ ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ ഇടം നേടി. ഫോൺ കോൾ വിവാദത്തിന് പിന്നാലെ തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച പലോട് രവിയെ കെപിസിസി ഉപാധ്യക്ഷനായി നിയമിച്ചു. മുൻ ആലത്തൂർ എംപി രമ്യ ഹരിദാസ് കെപിസിസി വൈസ് പ്രസിഡന്റ് പട്ടികയിൽ ഉൾപ്പെട്ടു. പാർട്ടി തനിക്ക് നൽകിയത് സ്വപ്നം കാണാൻ പോലും കഴിയാത്ത പദവികളാണെന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ട രമ്യ ഹരിദാസ് വൈകാരികമായി പ്രതികരിച്ചു.
ഇഷ്ടക്കാർക്ക് വാരിക്കോരി സ്ഥാനമാനങ്ങൾ നൽകുന്നുവെന്നും ഇത്ര വലിയ പട്ടിക വേണ്ടായിരുന്നുവെന്നും ഒരു വിഭാഗം ആരോപിക്കുന്നു. എന്നാൽ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ കാര്യങ്ങൾ ഭംഗിയാക്കാൻ ഇത്രയും ഭാരവാഹികൾ ആവശ്യമാണെന്നാണ് മറുവാദം. ജനപ്രതിനിധികൾ ഭാരവാഹി പട്ടികയിൽ ഉൾപ്പെട്ടതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്. കോൺഗ്രസ് ഗ്രൂപ്പ് പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരം എന്ന നിലയ്ക്ക് തന്നെയാണ് നേതൃത്വം ജംബോ പട്ടിക പുറത്തിറക്കിയത്.
ഭാരവാഹി പട്ടികയെ ന്യായീകരിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വിമർശനങ്ങളുടെ മുനയൊടിച്ചു. സാധാരണ കെപിസിസി ജനറൽ സെക്രട്ടറിമാർക്കൊപ്പം സെക്രട്ടറിമാരുടെ പേരും പ്രഖ്യാപിക്കാറുണ്ട്. പ്രതിഷേധവും പരിഭവവും കണക്കിലെടുത്ത് വൈകാതെ സെക്രട്ടറിമാരുടെ ജംബോ ലിസ്റ്റും വന്നേക്കുമെന്നും സൂചനയുണ്ട്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കൊണ്ടുവന്ന പുനഃസംഘടനയിലെ അതൃപ്തികൾ കോൺഗ്രസ് നേതൃത്വം എത്തരത്തിൽ പരിഹരിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. യൂത്ത് കോൺഗ്രസ് പുനഃസംഘടനയിലെ അതൃപ്തികൾ അലയടങ്ങും മുൻപെ വന്ന കെപിസിസി ജംബോ പുനഃസംഘടന പട്ടിക നേതൃത്വത്തിന് തലവേദനയാവുകയാണ്.
KPCC reorganization: Chandy Oommen expresses dissatisfaction; K Muraleedharan also joins the fray













