102 മില്യൺ ഡോളർ കവർച്ചയ്ക്ക് പിന്നാലെ: ലൂവ്ര് മ്യൂസിയത്തിലെ കിരീട ആഭരണങ്ങൾ ബാങ്ക് ഓഫ് ഫ്രാൻസിലേക്ക് മാറ്റി

102 മില്യൺ ഡോളർ കവർച്ചയ്ക്ക് പിന്നാലെ: ലൂവ്ര് മ്യൂസിയത്തിലെ കിരീട ആഭരണങ്ങൾ ബാങ്ക് ഓഫ് ഫ്രാൻസിലേക്ക് മാറ്റി

ഫ്രാൻസിലെ വിഖ്യാതമായ ലൂവ്ര് മ്യൂസിയത്തിൽ 102 മില്യൺ ഡോളർ (ഏകദേശം 850 കോടി രൂപ) വിലമതിക്കുന്ന ആഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ട സംഭവത്തിന് പിന്നാലെ, മ്യൂസിയത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആഭരണശേഖരം ബാങ്ക് ഓഫ് ഫ്രാൻസിന്റെ സുരക്ഷിത നിലവറയിലേക്ക് മാറ്റി. കഴിഞ്ഞ ആഴ്ച മ്യൂസിയത്തിന്റെ സുരക്ഷാ വീഴ്ച പുറത്തുകൊണ്ടുവന്ന മോഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ അതീവ രഹസ്യ നീക്കം നടത്തിയത്.

കവർച്ചയ്ക്ക് ശേഷം, പോലീസിന്റെ അകമ്പടിയോടെയാണ് ഫ്രഞ്ച് കിരീട ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന അപ്പോളോ ഗാലറിയിൽ നിന്നുള്ള വസ്തുക്കൾ ബാങ്ക് ഓഫ് ഫ്രാൻസിലേക്ക് മാറ്റിയത്. ഭൂനിരപ്പിൽ നിന്ന് 27 മീറ്റർ (88 അടി) താഴെയുള്ള വിശാലമായ നിലവറയിലാണ് ബാങ്ക് ഓഫ് ഫ്രാൻസ് രാജ്യത്തിന്റെ സ്വർണ്ണ ശേഖരം സൂക്ഷിച്ചിരിക്കുന്നത്. ലൂവ്ര് മ്യൂസിയത്തിൽ നിന്ന് ഏകദേശം 500 മീറ്റർ മാത്രം അകലെയാണ് ഈ ബാങ്ക് സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ ഒക്ടോബർ 19-ന് നടന്ന കവർച്ചയിൽ, ഫ്രഞ്ച് ചക്രവർത്തിനി യൂജീനിയുടെ മുത്തു പതിച്ച കിരീടം ഉൾപ്പെടെ എട്ട് അമൂല്യ വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്.

മ്യൂസിയം തുറന്നിരിക്കുന്ന സമയത്ത് ഒരു ക്രെയിൻ ഉപയോഗിച്ച് മുകളിലത്തെ ജനൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. മോഷണശേഷം മോട്ടോർബൈക്കുകളിൽ ഇവർ രക്ഷപ്പെട്ടു. ലോകത്തെ ഞെട്ടിച്ച ഈ കവർച്ച ഫ്രാൻസിന്റെ ദേശീയ സുരക്ഷാ കാര്യത്തിൽ വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ശേഷിക്കുന്ന അമൂല്യ ശേഖരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ അടിയന്തരമായി തീരുമാനമെടുത്തത്.

Share Email
LATEST
More Articles
Top