ലൂവ്ര് മ്യൂസിയം കവർച്ച: രണ്ടു പേർ അറസ്റ്റിൽ

ലൂവ്ര് മ്യൂസിയം കവർച്ച: രണ്ടു പേർ അറസ്റ്റിൽ

പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന കവർച്ചയിൽ രണ്ടു പേർ അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്‌പിയും ലെ പാരീസിയൻ പത്രവുമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പിടിയിലായ രണ്ടു പേരും ഫ്രഞ്ച് പൗരന്മാരാണെന്നാണ് വിവരം.

പ്രതികളിൽ ഒരാൾ ശനിയാഴ്ച പ്രാദേശിക സമയം രാത്രി 10 മണിയോടെ പാരിസ് -ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിലാണ് പിടിയിലായത്. വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കസ്റ്റഡിയിലാവുകയായിരുന്നു. അധികം വൈകാതെ രണ്ടാമത്തെ പ്രതിയേയും പിടികൂടി. പ്രതികൾ അൽജീരിയയിലേക്കു കടക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പാരീസിലെ പ്രാന്തപ്രദേശമായ സീൻ-സെന്റ്-ഡെനിസിൽ നിന്നുള്ളവരാണ് പ്രതികൾ. ഇരുവരും മറ്റു പല മോഷണക്കേസുകളിലും പ്രതികളാണ്.

കഴിഞ്ഞ ഞായറാഴ്ച, രാവിലെ 9 മണിക്ക് മ്യൂസിയം തുറന്ന് അരമണിക്കൂറിനുള്ളിലായിരുന്നു മോഷണം. മ്യൂസിയത്തിന്റെ തെക്കുകിഴക്കൻ വശത്തുള്ള റോഡിൽ ട്രക്ക് നിർത്തി, അതിലുണ്ടായിരുന്ന യന്ത്രഗോവണി വഴി മോഷ്ടാക്കൾ ബാൽക്കണിയിലേക്കു കടക്കുകയായിരുന്നു. അവിടെനിന്ന് ബാൽക്കണിയിലെ ജനാല തകർത്ത് നേരെ അപ്പോളോ ഗാലറിയിലേക്ക് (ദി ഗാലറി ഡി അപ്പോളോൺ) കടന്നു.

ആംഗിൾ ഗ്രൈൻഡറുകൾ ഉപയോഗിച്ച് ഡിസ്പ്ലേ കേസുകൾ തകര്‍ത്താണ് ഒരു മാലയും ബ്രൂച്ചും ഉൾപ്പെടെ ഒൻപത് ആഭരണങ്ങൾ മോഷ്ടിച്ചത്. രക്ഷപ്പെടുന്നതിനിടെ ഒരു ആഭരണം വഴിയിൽ നഷ്ടമാകുകയും ചെയ്തു. അപ്പോളോ ഗാലറിയുടെ ജനാലയിലും രണ്ടു ഡിസ്പ്ലേ ബോർഡുകളിലുമുണ്ടായിരുന്ന അലാം മോഷണത്തിനു പിന്നാലെ ശബ്ദമുണ്ടാക്കി. ഇതോടെ ഗാലറിയിലുണ്ടായിരുന്ന അഞ്ച് സുരക്ഷാ ഗാർഡുമാർ എത്തിയെങ്കിലും മോഷ്ടാക്കൾ കടന്നുകളഞ്ഞിരുന്നു. ഏഴു മിനിറ്റിനിടെ ആയിരുന്നു വമ്പൻ കവർച്ച.

ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെയും ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണശേഖരത്തില്‍ നിന്നുള്ള ഒന്‍പത് വസ്‍തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. മുഖംമൂടി ധരിച്ച മൂന്നോ നാലോ പേരുടെ ഒരു സംഘമാണ് മോഷണത്തിനു പിന്നില്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Louvre Museum robbery Two arrested

Share Email
Top