അജു വരിക്കാട്
ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ ഇമ്മാനുവൽ മാർത്തോമ സെന്ററിൽ സെപ്റ്റംബർ 28, ന് നടന്ന ‘സ്‌നേഹ സങ്കീർത്തനം 2025’ ക്രിസ്ത്യൻ സംഗീത പരിപാടി വൻ വിജയമായി. ഹൂസ്റ്റണിലെ മലയാളി സമൂഹത്തിൽ നിന്നുള്ള നിരവധി കുടുംബങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുത്ത ഈ സായാഹ്നം, ആരാധനയുടെയും സ്‌നേഹത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചു. ഹൃദയസ്പർശിയായ ഭക്തിഗാനങ്ങളാൽ സമ്പന്നമായ പരിപാടി, വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും ഉത്തമ ഉദാഹരണമായി മാറി.

ആദ്യഘട്ടങ്ങളിൽ വെല്ലുവിളികൾ നേരിട്ടെങ്കിലും, ദൈവകൃപയിൽ ആശ്രയിച്ച് പരിപാടി വിജയകരമായി നടത്തിയതായി സംഘാടകർ പറഞ്ഞു. ജോസഫ് ജെയിംസ് (പ്രസിഡന്റ്), മാത്യു പി. വർഗീസ് (പ്രോഗ്രാം കോർഡിനേറ്റർ), സന്തോഷ് അയിപ്പ് (കൺവീനർ), ക്രിസ്റ്റഫർ ജോർജ് (സെക്രട്ടറി), റെജി കുര്യൻ (രക്ഷാധികാരി), ഏബ്രഹാം ഈപ്പൻ (പി. ആർ.ഒ), റെജി കോട്ടയം, ജോർജ് തോമസ് തെക്കേമല, സുനിൽ എബ്രഹാം, അജു വാരിക്കാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

പരിപാടിയുടെ മുഖ്യ സ്‌പോൺസറായ സിറ്റി വൈഡ് മോണുമെന്റ് ഉടമ മോറിസ് ഹാന, ഫോർട്ട് ബെൻഡ് കൗണ്ടി ക്യാപ്റ്റനായ മനോജ് കുമാർ പൂപ്പാറയിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി നിസ്വാർത്ഥമായി സേവനം ചെയ്യുന്ന മനോജ് കുമാറിന്റെ പ്രവർത്തനങ്ങൾ പ്രത്യേകം എടുത്തുപറയപ്പെട്ടു.
കിഡ്‌നി ഫൗണ്ടേഷന്റെയും എജ്യുക്കേഷണൽ മിനിസ്ട്രിയുടെയും പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തുകയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. സമൂഹത്തിലെ നിർധനരായവർക്ക് സഹായം നൽകുകയും ആരോഗ്യവിദ്യാഭ്യാസ മേഖലകളിൽ പിന്തുണ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ സംരംഭങ്ങളുടെ ദൗത്യം.

പരിപാടിയിൽ പങ്കെടുത്തവർ, ടിക്കറ്റുകൾ വാങ്ങിയവർ, ഉദാരമായി സംഭാവനകൾ നൽകിയവർ എന്നിവർക്ക് സംഘാടകർ ഹൃദയംഗമമായ നന്ദി അറിയിച്ചു.
‘സംഗീതത്തിനപ്പുറം, വിശ്വാസത്തിലും ആരാധനയിലും സേവനത്തിലും ഒന്നുചേരാനാണ് ഈ സായാഹ്നം ഞങ്ങളെ പ്രാപ്തരാക്കിയത്,’ സംഘാടകർ പറഞ്ഞു.

ഇനിയും ഈ ഉദ്യമത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്ക് ‘ഫ്രണ്ട്‌സ് ഓഫ് ടെക്‌സസ് ഇന്റർനാഷണൽ’ എന്ന പേര് Zelle വഴി (നമ്പർ: 2818190258) സംഭാവനകൾ അയക്കാം.
സ്‌നേഹ സങ്കീർത്തനം 2025, എല്ലാവർക്കും അനുഗ്രഹം പകർന്ന ഈ സായാഹ്നമായി മാറുകയും, ഒപ്പം ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെ പ്രതീകമായി മാറുകയുംചെയ്തു.










Snehasankeerthanam 2025: A huge success in Houston