മാഗ് തിരഞ്ഞെടുപ്പ് ആവേശപ്പോരാട്ടത്തിലേക്ക് ; സമവായത്തിലൂടെ ഒറ്റപ്പാനൽ എന്ന ആശയം യാഥാർത്ഥ്യമാകുമോ ?

മാഗ്  തിരഞ്ഞെടുപ്പ് ആവേശപ്പോരാട്ടത്തിലേക്ക് ;  സമവായത്തിലൂടെ ഒറ്റപ്പാനൽ എന്ന ആശയം യാഥാർത്ഥ്യമാകുമോ ?

പി.പി.ചെറിയാൻ

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് ഡിസംബർ രണ്ടാം വാരത്തിൽ നടക്കാനിരിക്കുകയാണ്. നോർത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമുള്ളതും ശക്തമായ ഘടനയുള്ളതുമായ മാഗ് ഹൂസ്റ്റൺ നിരവധി അംഗീകാരങ്ങളും അവാർഡുകളും നേടിയിട്ടുണ്ട്. നഗരത്തിന്റെ ഹൃദയഭാഗത്ത് വിശാലമായ പാർക്കിംഗ് സൗകര്യങ്ങളോടുകൂടിയ രണ്ട് മിനി ഹാളുകളും, സ്പോർട്സ് പരിപാടികൾക്കുള്ള പ്രത്യേക സൗകര്യങ്ങളും മാഗിനുണ്ട്. വിശാലമായ ഓഡിറ്റോറിയം നിർമ്മിക്കാനുള്ള സ്ഥലം വാങ്ങിയതും, അതിന്റെ വിജയത്തിനായി മുൻകാല ബോർഡുകളും നിലവിലെ കമ്മിറ്റി അംഗങ്ങളും ഉത്സാഹത്തോടെ പ്രവർത്തിക്കുന്നതും ശ്രദ്ധേയമാണ്.

പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ “മത്സരിക്കുന്നത് എന്തിന് നാം, വ്യഥാ!” എന്ന വരികൾ ഈ സാഹചര്യത്തിലും ഏറെ പ്രസക്തമാണ്. റോയി മാത്യുവും ചാക്കോ തോമസും നേതൃത്വം നൽകുന്ന രണ്ട് പാനലുകളാണ് തിരഞ്ഞെടുപ്പിനായി രംഗത്തുള്ളത്. സാമൂഹിക ബന്ധങ്ങളും പ്രവർത്തന പരിചയവുമുള്ള സ്ഥാനാർത്ഥികൾ ഇരുപാനലുകളിലുമുണ്ട്. എന്നാൽ, പാനൽ പൂർത്തിയാക്കാനുള്ള ശ്രമത്തിൽ ചിലരെ തിരുകിക്കയറ്റിയെന്ന അഭിപ്രായവും നിലനിൽക്കുന്നു.

മാഗിന്റെ പുതിയ നിർമ്മാണവും ഭാവി പദ്ധതികളും മുന്നോട്ട് കൊണ്ടുപോകാൻ ഇരുപാനലുകളിലെയും മികച്ച സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി ഏകകണ്ഠമായ ഒരു പാനൽ രൂപീകരിക്കണമെന്നാണ് ഹൂസ്റ്റണിലെ ഭൂരിഭാഗം മലയാളികളുടെയും ആഗ്രഹം. മാഗിന്റെ സ്ഥാപക നേതാക്കളുടെയും മുതിർന്ന അംഗങ്ങളുടെയും ഉപദേശത്തോടെ ഇത്തരമൊരു ഏകപാനൽ രൂപീകരണം നടപ്പിലാക്കണമെന്ന് ശക്തമായ അഭിപ്രായമുണ്ട്.

പതിനാറ് ബോർഡ് അംഗങ്ങളെ ഇരുപാനലിലുമായി തുല്യമായി പങ്കിട്ടശേഷം, പ്രസിഡന്റ് സ്ഥാനം ഒരു പാനലിന് നൽകി ആ പാനലിൽ നിന്ന് ഏഴ് പേരെയും മറ്റേ പാനലിൽ നിന്ന് ഒൻപത് പേരെയും ഉൾപ്പെടുത്തി ഒരു സമവാക്യം കണ്ടെത്താൻ സാധിക്കും. നാട്ടിലെ പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷൻ തല മത്സരങ്ങൾ പോലെ അനാവശ്യമായ സാമ്പത്തികവും സമയ നഷ്ടവുമുള്ള മത്സരങ്ങൾ ഒഴിവാക്കി, ആ ഊർജ്ജവും തുകയും മാഗിന്റെ പുതിയ നിർമ്മാണത്തിനായി വിനിയോഗിക്കുന്നതാകും ഉചിതം.

രണ്ടു പാനലംഗങ്ങളും ഹൂസ്റ്റണിലെ മിക്കവാറും ദേവാലയങ്ങളും അമ്പലങ്ങളും സന്ദർശിക്കുന്ന തിരക്കിലാണ്. ഒക്ടോബർ മാസം മുതൽ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഹൂസ്റ്റണിൽ നടക്കുന്ന എല്ലാ അസോസിയേഷൻ യോഗങ്ങളിലും മീറ്റിംഗുകളിലും കൂട്ടായ്മകളിലും ഇവർ പങ്കെടുക്കുന്നുണ്ട്. മിക്കവാറും യോഗങ്ങളിൽ ഇരുപാനലംഗങ്ങളും കണ്ടുമുട്ടുന്നു. ജോലിയിൽ നിന്ന് അവധിയെടുത്തും കുടുംബത്തിന് നൽകേണ്ട സമയത്തിൽ നിന്ന് സമയം കണ്ടെത്തിയും എങ്ങനെയും മത്സരിച്ച് ജയിച്ചു കയറാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. രണ്ട് പാനലുകളിലുമുള്ള സ്ഥാനാർത്ഥികളുടെ സാന്നിധ്യം കാരണം, സാധാരണയായി ആളുകൾ കുറവായിരുന്ന മലയാളി യോഗങ്ങളിൽ ഇപ്പോൾ കൂടുതൽ പേർ എത്തുന്നത് ശ്രദ്ധേയമായ ഒരു മാറ്റമാണ്.

മാഗിന്റെ പുരോഗതിക്കായി ഒറ്റപ്പാനൽ എന്ന ആശയം യാഥാർത്ഥ്യമാകട്ടെ എന്ന പ്രതീക്ഷയിലാണ് ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി സമൂഹം.

Magh Houston Election: Will the idea of ​​a single panel through consensus become a reality?

Share Email
LATEST
Top