മാധ്യമങ്ങളെ വിലയ്ക്കുവാങ്ങി നാവരിയുന്ന കാലമാണ് ഇതെന്ന് ജോണി ലൂക്കോസ്, പണമില്ലാതെ മാധ്യമരംഗത്ത് എങ്ങനെ നിക്ഷേപം ഉണ്ടാകുമെന്ന് സുജയാ പാര്‍വ്വതി, ചൂടുപിടിച്ച സംവാദത്തോടെ അന്താരാഷ്ട്ര മാധ്യമ സെമിനാര്‍ തുടങ്ങി

മാധ്യമങ്ങളെ വിലയ്ക്കുവാങ്ങി നാവരിയുന്ന കാലമാണ് ഇതെന്ന് ജോണി ലൂക്കോസ്, പണമില്ലാതെ മാധ്യമരംഗത്ത് എങ്ങനെ നിക്ഷേപം ഉണ്ടാകുമെന്ന് സുജയാ പാര്‍വ്വതി, ചൂടുപിടിച്ച സംവാദത്തോടെ അന്താരാഷ്ട്ര മാധ്യമ സെമിനാര്‍ തുടങ്ങി

സൈമണ്‍ വാളാച്ചേരില്‍

ന്യുജേഴ്‌സി: പണം എന്നത് പവറാണെങ്കില്‍ അതിന്റെ മറ്റൊരു രൂപമാണ് മീഡിയ. പണം കൊടുത്ത് ആ മീഡിയയെ കൈക്കലാക്കുന്ന ശതകോടീശ്വരന്മാരുടെ കാലമാണ് ഇതെന്ന് മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് പറഞ്ഞു. സ്വതന്ത്രമായി മാധ്യമ പ്രവര്‍ത്തനം നടത്തിയിരുന്ന പല മാധ്യമങ്ങളും ഇന്ന് കോര്‍പ്പറേറ്റുകളുടെ കൈകളിലാണ്. എന്‍.ഡി.ടി.വി എന്ന സ്ഥാനപത്തെ നമുക്കറിയാം. സര്‍ക്കാരുകളെ നിശിതമായി വിമര്‍ശിച്ചിരുന്ന ആ സ്ഥാപനം ഇന്ന് ആദാനി എന്ന കോര്‍പ്പറേറ്റിന്റെ കൈകളിലായി. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ ഇത്തരത്തില്‍ വിലക്കുവാങ്ങുന്ന ആ മാധ്യമങ്ങളുടെ നാവരിയാന്‍ വേണ്ടി തന്നെയാണെന്ന് ജോണി ലൂക്കോസ് പറ‍ഞ്ഞു. ന്യൂജേഴ്സിയിലെ എഡിസണില്‍ ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാം അന്താരാഷ്ട്ര മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജോണി ലൂക്കോസ്.  അദാനി എന്തിനാണ് എന്‍ഡിടിവി വാങ്ങിയത്. ഭരണകൂടത്തിനെതിരെ ശക്തമായി സംസാരിച്ചിരുന്ന എന്‍.ഡി.ടി.വിയെ ഇല്ലാതാക്കാന്‍ തന്നെയാണ്. ഇത് ഇന്ത്യയില്‍ മാത്രമുള്ള സംഗതിയല്ല. ലോകത്താകെ സംഭവിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജോണി ലൂക്കോസിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ടര്‍ ടി.വി. കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സുജയ പാര്‍വ്വതി, നിക്ഷേപകര്‍ ഇല്ലെങ്കില്‍ ഒരു മാധ്യമ സ്ഥാപനത്തിനും മുന്നോട്ടുപോകാനാകില്ല. എല്ലാ മാധ്യമങ്ങള്‍ക്കും അവരവരരുടേതായ അജണ്ടകളുണ്ട്. മാധ്യമ രംഗം എന്നത് ഒരു ബിസിനസ് രംഗം കൂടിയാണ്. കാഴ്ചക്കാരുടെ താല്പര്യത്തിനൊപ്പം സഞ്ചരിക്കുകയാണ് വേണ്ടത്. ജനങ്ങള്‍ക്ക് ആഗ്രഹിക്കുന്നത് അവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ കഴിഞ്ഞാലേ ഏത് മാധ്യമത്തിനും നിലനില്‍ക്കാനാകു എന്ന് സുജയ പാര്‍വ്വതി പറഞ്ഞു.

സുജയ പാർവതി (റിപ്പോർട്ടർ ടിവി കോർഡിനേറ്റിങ് എഡിറ്റർ): എല്ലാ മാധ്യമങ്ങളുടെ പിന്നിലും കോർപ്പറേറ്റ് ശക്തിയുണ്ട്. പണം മുടക്കാതെ ഒരു മാധ്യമത്തിനും മുന്നോട്ട് പോകാനാകില്ല. എന്നാൽ യഥാർഥ ഉടമ കാഴ്ചക്കാരനോ വായനക്കാരനോ ആണ്, പണം മുടക്കുന്ന വ്യവസായി അല്ല.

ലീൻ ബി ജെസ്മാസ് (ന്യൂസ് 18 എഡിറ്റർ): മാധ്യമരംഗം ശതകോടി ബിസിനസ്സാണ്. ഭരണപക്ഷത്തെ വെറുപ്പിച്ചാൽ ലൈസൻസ് വരെ നഷ്ടമാകുന്ന അവസ്ഥയുണ്ട്. എഡിറ്റോറിയൽ പോളിസിയിൽ നിന്നുകൊണ്ട് ജോലി ചെയ്യേണ്ട ഉത്തരവാദിത്വം ഓരോ മാധ്യമപ്രവർത്തകനുമുണ്ട്.

ഹാഷ്മി താജ് ഇബ്രാഹിം (24 ന്യൂസ്): അതിസമ്പന്നരായ മുതലാളിമാർ മാധ്യമങ്ങളെ വിലയ്‌ക്കെടുക്കുന്നത് ഭരണാധികാരിക്ക് വേണ്ടി നരേറ്റീവുകൾ മാറ്റാൻ വേണ്ടിയാണെന്നതിൽ സംശയമില്ല. എന്നാൽ കേരളത്തിലെ മാധ്യമങ്ങൾ ഇതുവരെ അത്തരമൊരു അവസ്ഥയിലേക്ക് പോയിട്ടില്ല.

അബ്ജോദ് വർഗീസ് (ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ): മാധ്യമങ്ങൾക്കു വേണ്ടി പണം മുടക്കുന്നത് മുതലാളിമാരാണെങ്കിലും എഡിറ്റോറിയൽ തീരുമാനം ജോർണലിസ്റ്റുകൾ തന്നെ എടുക്കുന്ന സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നത്.

മോത്തി രാജേഷ് (മാതൃഭൂമി ന്യൂസ് സീനിയർ സബ് എഡിറ്റർ): ഏറ്റവും ചെറിയ ബിസിനസ് ചെയ്യുന്ന മുതലാളിക്കുപോലും സ്വന്തം താൽപര്യമുണ്ടാകും. അതുകൊണ്ടുതന്നെ തങ്ങൾക്കുള്ള ‘സ്പേസ്’ കൃത്യമായി ഉപയോഗപ്പെടുത്താനാണ് മാധ്യമപ്രവർത്തകർ ശ്രമിക്കേണ്ടത്.

കുര്യൻ പാമ്പാടി (മുതിർന്ന മാധ്യമ പ്രവർത്തകൻ): ഏറ്റവും വലിയ പവർ എന്നത് ജനങ്ങളുടെ വിശ്വാസമാണ്. അവർക്കുവേണ്ടിയായിരിക്കണം വാർത്തകൾ.

കൃഷ്ണകിഷോർ (ഏഷ്യാനെറ്റ് ന്യൂസ് യു.എസ്. കറസ്പോണ്ടന്റ്): പ്രൈവറ്റ് കാപിറ്റൽ എന്നത് പുതിയ കാര്യമല്ല. അമേരിക്കയിൽ ഇത് പണ്ടേ നിലവിലുണ്ട്. മാധ്യമ കുത്തക ഒഴിവാക്കാൻ 39 ശതമാനം ഓണർഷിപ്പ് ക്യാപ് ഉറപ്പാക്കുന്ന നിയമം അവിടെയുണ്ട്.

24 ന്യൂസ് യു.എസ്. കറസ്പോണ്ടൻ്റ് മധു കൊട്ടാരക്കരയായിരുന്നു ചർച്ചയുടെ മോഡറേറ്റർ. ഐ.പി.സി.എൻ.എ ഹൂസ്റ്റൺ, ഡാളസ് ചാപ്റ്റർ ഭാരവാഹികളും പ്രതിനിധികളും വേദിയിൽ സന്നിഹിതരായിരുന്നു. സദസ്സിലും വേദിയിലുമുള്ള നിരവധിപേർ ചോദ്യങ്ങളുമായി എത്തിയിരുന്നു.

Share Email
LATEST
Top