കല്യാൺ (മഹാരാഷ്ട്ര): കൃതജ്ഞതാ സ്‌തോത്ര ഗീതികളും പ്രാർഥനകളും നിറഞ്ഞ അന്തരീക്ഷത്തിൽ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ കല്യാൺ സീറോമലബാർ അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റു.
താനെയിലെ കല്യാൺ സെൻറ് തോമസ് കത്തീഡ്രലിൽ ഇന്നലെ ഉച്ചകഴിഞ്ഞു 2.30ന് നടന്ന തിരുക്കർമങ്ങളിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. കല്യാൺ രൂപതയെ അതിരൂപതയായും മാർ വാണിയപ്പുരയ്ക്കലിനെ പ്രഥമ ആർച്ച്ബിഷപ്പായും ഉയർത്തിക്കൊണ്ടുള്ള കല്പന സഭയുടെ കൂരിയ ചാൻസലർ റവ.ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ വായിച്ചു.
കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വചനസന്ദേശം നൽകി. ബിഷപ് മാർ തോമസ് ഇലവനാൽ, കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ എന്നിവർ സഹകാർമികരായിരുന്നു. പുതിയ ആർച്ച്ബിഷപ്പിൻറെ സഹോദരൻ ഫാ. ജോർജ് വാണിയപ്പുരയ്ക്കലായിരുന്നു ആർച്ച്ഡീക്കൻ. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ സ്ഥാനമൊഴിഞ്ഞ ബിഷപ് മാർ തോമസ് ഇലവനാലിനു യാത്രയയപ്പ് നൽകി.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ഉൾപ്പെടെ കേരളത്തിലും പുറത്തുമുള്ള 35 മെത്രാന്മാർ, വൈദികർ, സമർപ്പിതർ, അല്മായർ തുടങ്ങിയവർ പങ്കെടുത്തു. കല്യാൺ അതിരൂപത വികാരി ജനറാൾ ഫാ. സിറിയക് കൂമ്പാട്ട്, കത്തീഡ്രൽ വികാരി ഫാ. ഡേവിസ് തരകൻ തുടങ്ങിയവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.
Mar Sebastian Vaniyapurakkal Kalyan appointed as the first Archbishop of the Syro-Malabar Archdiocese