ധാക്ക (ബംഗ്ലാദേശ്): ബംഗ്ലാദേശിലെ ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തീപിടിത്തം. വിമാനത്താവളത്തിലെ കാർഗോ ഏരിയയിലാണ് തീ പടർന്നത്. ഇതേത്തുടർന്ന് വിമാനത്താവളത്തിലെ എല്ലാ സർവീസുകളും താത്കാലികമായി നിർത്തിവെച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് വിമാനത്താവളത്തിലെ കാർഗോ വില്ലേജിൽ തീപിടിത്തം ആരംഭിച്ചത്. ഇറക്കുമതി ചെയ്ത സാധനങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണ് തീ പടർന്നത്. തീ നിയന്ത്രണവിധേയമാക്കാൻ 36-ൽ അധികം ഫയർ യൂണിറ്റുകൾ രംഗത്തുണ്ട്. ബംഗ്ലാദേശ് വ്യോമസേനയുടെയും നാവികസേനയുടെയും ബോർഡർ ഗാർഡ് ബംഗ്ലാദേശിൻ്റെയും (BGB) യൂണിറ്റുകളും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനങ്ങളുടെ ലാൻഡിംഗും ടേക്ക്ഓഫും നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. ധാക്കയിലേക്ക് വന്ന ഒൻപതോളം വിമാനങ്ങൾ ചട്ടോഗ്രാം, സിൽഹെറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.