ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച്, രാജ്യത്ത് ആദ്യമായി യാത്രാ വിമാനങ്ങൾ നിർമ്മിക്കാൻ വഴിയൊരുങ്ങി. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എൽ) റഷ്യൻ കമ്പനിയായ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനുമായി (യു.എ.സി) ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു. മോസ്‌കോയിൽ വെച്ചാണ് കരാർ ഒപ്പിട്ടത്.
ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങൾക്കായി ‘എസ്.ജെ 100’ എന്ന മോഡൽ യാത്രാ വിമാനങ്ങൾ നിർമ്മിക്കാനാണ് ഇരു കമ്പനികളും തമ്മിൽ ധാരണയിലെത്തിയിരിക്കുന്നത്. ഹ്രസ്വദൂര സർവ്വീസുകൾക്ക് അനുയോജ്യമായ, രണ്ട് എഞ്ചിനുകളുള്ള വിമാനങ്ങളായിരിക്കും ഇവ. ഇന്ത്യയിൽ സമ്പൂർണ്ണ യാത്രാ വിമാനം നിർമ്മിക്കുന്നത് ഇത് ആദ്യമായാണെന്ന് എച്ച്.എ.എൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
യു.എ.സിയുമായുള്ള ഈ പങ്കാളിത്തം പരസ്പര വിശ്വാസത്തെ അടിവരയിടുന്നതായും, വ്യോമയാന മേഖലയിൽ ‘ആത്മനിർഭർ ഭാരത്’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണെന്നും എച്ച്.എ.എൽ അറിയിച്ചു. ഈ സഹകരണത്തിലൂടെ ഇന്ത്യയുടെ വ്യോമഗതാഗത ശേഷി വർദ്ധിപ്പിക്കാനും വിദേശ ആശ്രിതത്വം കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ വ്യോമയാന രംഗത്ത് ഇതൊരു ‘ഗെയിംചേഞ്ചർ’ ആയി മാറുമെന്നും എച്ച്.എ.എൽ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ധാരണാപത്രം പ്രകാരം, രാജ്യത്തെ ആഭ്യന്തര ഉപഭോക്താക്കൾക്ക് വേണ്ടിയുള്ള വിമാനങ്ങളുടെ നിർമ്മാണാവകാശം എച്ച്.എ.എല്ലിന് ലഭിക്കും. നിലവിൽ, 200-ൽ അധികം എസ്.ജെ 100 വിമാനങ്ങൾ ലോകമെമ്പാടുമുള്ള 16-ൽ അധികം എയർലൈൻ ഓപ്പറേറ്റർമാർ ഉപയോഗിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ‘ഉഡാൻ’ പദ്ധതിക്ക് ഇത് വലിയ മുതൽക്കൂട്ടാകുമെന്നും എച്ച്.എ.എൽ അവകാശപ്പെടുന്നു.
“ഇതൊരു സമ്പൂർണ്ണ യാത്രാവിമാനം ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ സംഭവമായിരിക്കും. അടുത്ത പത്ത് വർഷത്തിനുള്ളിൽ ആഭ്യന്തര യാത്രകൾക്കായി 200-ൽ അധികം ഇത്തരം നാരോബോഡി ജെറ്റുകൾ ആവശ്യമായി വരും. സിവിൽ ഏവിയേഷൻ മേഖലയിൽ ‘ആത്മനിർഭർ ഭാരത്’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്,” എച്ച്.എ.എൽ കൂട്ടിച്ചേർത്തു.
യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷന്റെ കണക്കനുസരിച്ച്, എസ്.ജെ 100 വിമാനത്തിന് 103 യാത്രക്കാരെ ഉൾക്കൊള്ളാനും 3,530 കിലോമീറ്റർ ദൂരം വരെ പറക്കാനും കഴിയും. കുറഞ്ഞ പ്രവർത്തനച്ചെലവും മൈനസ് 55 ഡിഗ്രി മുതൽ 45 ഡിഗ്രി വരെയുള്ള താപനിലയിൽ പ്രവർത്തിക്കാനുള്ള കഴിവുമാണ് ഈ വിമാനത്തിന്റെ പ്രധാന സവിശേഷതകൾ.
Milestone in aviation history: HAL to build India’s first fully-fledged passenger aircraft













