ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെ ഫോണില്‍ വിളിച്ച് ജന്മദിനാശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നതിന്റെ പേരില്‍ അമേരിക്ക ഇന്ത്യയ്‌ക്കെതിരേ താരിഫ് ചുമത്തിയതിനു പിന്നാലെ ഇന്ത്യയും റഷ്യയും തമ്മില്‍ കൂടുതല്‍ അടുക്കുന്നതിന്റെ സൂചനകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ടുള്ള ഫോണ്‍ സംഭാഷണത്തിനും ഏറെ പ്രാധാന്യമാണുള്ളത്. എഴുപത്തിമൂന്നാം ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് പുടിനെ മോദി ഫോണ്‍ ചെയ്ത് ആശംസ അറിയിച്ചത്.
ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തി. യുക്രയിനുമായുളള സംഘര്‍ഷം പരിഹരിക്കാന്‍ ശക്തമായ നടപടികള്‍ വേണമെന്ന ആവശ്യം മോദി പുടിനു മുന്നില്‍ വെച്ചതായാണ് സൂചന.
ഇതിനിടെ ഈ വര്‍ഷം ഡിസംബറില്‍ പുടിന്‍ ഇന്ത്യാ സന്ദര്‍ശനം നടത്തുമെന്നാണ് സൂചന.
സന്ദര്‍ശനത്തിന് മുന്നോടിയായി വിവിധ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ഇരു രാജ്യങ്ങളും നടത്തുന്നുണ്ട്. ഡിസംബര്‍ ആദ്യ ആഴ്ച്ചയാണ് പുടിന്‍ ന്യൂഡല്‍ഹിയിലെത്തുന്നതെന്നാണ് സൂചന. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അടുത്ത മാസം ഡല്‍ഹിയിലെത്തും. പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ഉറപ്പിക്കാനാണ് അദ്ദേഹം എത്തുന്നത്. 2021ലാണ് പുടിന്‍ അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്.
Modi calls Putin to wish him a happy birthday