തിരുവനന്തപുരം: ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മലയാളത്തിൻ്റെ പ്രിയനടൻ മോഹൻലാലിന് സംസ്ഥാന സർക്കാരിൻ്റെ ആദരം. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പ്രൗഢഗംഭീരമായ പരിപാടി ഇന്ന് (ഒക്ടോബർ 4) തലസ്ഥാനത്ത് നടക്കും. കേരളത്തിൻ്റെ കലാരംഗത്തിന് അദ്ദേഹം നൽകിയ അതുല്യമായ സംഭാവനകളെ മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ മോഹൻലാലിനെ ആദരിക്കുന്നത്.
സെൻട്രൽ സ്റ്റേഡിയത്തിൽ വൈകീട്ട് അഞ്ചിന്:
ഈ ആദരം ചടങ്ങ് ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിന് പുരസ്കാരം സമ്മാനിക്കുകയും ആദരിക്കുകയും ചെയ്യും. ചടങ്ങിൽ ഇന്ത്യൻ ചലച്ചിത്രരംഗത്തെ നിരവധി പ്രമുഖ താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും പങ്കെടുക്കും. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്ന് നേടിയ താരത്തിന് നാട് നൽകുന്ന സ്നേഹാദരവാകും ഈ പരിപാടി.മലയാളികളുടെ മനസ്സിൽ ആഴത്തിൽ വേരൂന്നിയ മോഹൻലാൽ എന്ന മഹാനടന് ലഭിച്ച ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കേരളത്തിന് മുഴുവൻ അഭിമാനകരമായ നേട്ടമാണ്. മലയാള ചലച്ചിത്ര ലോകത്തിന് ലഭിച്ച അംഗീകാരമായി ഈ പുരസ്‌കാരത്തെ കണക്കാക്കുന്നതായും, മോഹൻലാലിൻ്റെ നേട്ടം വരും തലമുറയ്ക്ക് പ്രചോദനമാകുമെന്നും സംഘാടകർ അറിയിച്ചു.