ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ‘മോൻത’ ശക്തി പ്രാപിച്ച് ആന്ധ്രാപ്രദേശ് തീരം തൊടുന്നു. അതിതീവ്ര ചുഴലിക്കാറ്റായ മോന്ത കരയിലേക്ക് പ്രവേശിക്കുന്ന പ്രക്രിയ ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ചതായി ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) സ്ഥിരീകരിച്ചു. അടുത്ത മൂന്നോ നാലോ മണിക്കൂറിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാകും. മോൻത കാക്കിനാടക്ക് സമീപം ആന്ധ്രാപ്രദേശ് തീരം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സമയത്ത് കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 90-100 കിലോമീറ്റർ വരെയും ചിലപ്പോൾ 110 കിലോമീറ്റർ വരെയും എത്താൻ സാധ്യതയുണ്ട്.
അതിശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ആന്ധ്രാപ്രദേശിലെ 23 ജില്ലകളിൽ IMD റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. മോശം കടൽ സാഹചര്യങ്ങൾ തുടരുന്ന സാഹചര്യത്തിൽ, ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലെ തീരദേശ ജില്ലകളിൽ മുൻകരുതലായി ആളുകളെ ഒഴിപ്പിക്കലും അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഒരുക്കങ്ങളും അധികൃതർ സജ്ജമാക്കിയിട്ടുണ്ട്.













