കൊച്ചി/അങ്കമാലി: കേരള സമൂഹത്തെ ഞെട്ടിച്ചുകൊണ്ട്, പെൺകുഞ്ഞിന് ജന്മം നൽകിയതിൻ്റെ പേരിൽ ഭർത്താവും വീട്ടുകാരും ക്രൂരമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി യുവതി. എറണാകുളം അങ്കമാലി സ്വദേശിയായ 29-കാരിയാണ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ പരാതിയുമായി രംഗത്തെത്തിയത്.
2020-ലായിരുന്നു ഇവരുടെ വിവാഹം. ഒരു വർഷം സന്തോഷകരമായി മുന്നോട്ട് പോയെങ്കിലും പെൺകുഞ്ഞ് പിറന്നതോടെ പീഡനം ആരംഭിച്ചു. കഴിഞ്ഞ നാല് വർഷമായി യുവതി കടുത്ത ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് ഏറ്റുവാങ്ങിയത്പെ ൺകുഞ്ഞ് ജനിച്ചതിന് കാരണം ഭാര്യയുടെ ‘കുഴപ്പമാണെന്ന്’ ആരോപിച്ചാണ് ഭർത്താവ് നിരന്തരം മർദ്ദിച്ചിരുന്നത്. വീട്ടിൽവെച്ച് ക്രൂരമായി മർദ്ദിക്കുകയും ജീവന് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യമുണ്ടായി . യുവതിക്ക് നേരെ ഭർത്താവ് ഒന്നിലധികം തവണ വധഭീഷണി മുഴക്കി. ഇതോടെ, ജീവൻ ഭയന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഭർത്താവിനെതിരെ അങ്കമാലി പോലീസ് കേസെടുത്തു. ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.