കൊച്ചി : സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ വ്യവസായി മുഹമ്മദ് ഷർഷാദിനെ കൊച്ചി സൗത്ത് പോലീസ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. കൊച്ചി സ്വദേശികളിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പോലീസ് നടപടിയെടുത്തത്.
അതേസമയം, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മകനുമെതിരെ മുഹമ്മദ് ഷർഷാദ് നേരത്തെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് ഇയാൾ സി.പി.എം. പോളിറ്റ് ബ്യൂറോക്ക് കത്തയച്ചത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു.
വിദേശ മലയാളി വ്യവസായി രാജേഷ് കൃഷ്ണ കടലാസ് കമ്പനിയുണ്ടാക്കി കേരളത്തിലെ സർക്കാർ പദ്ധതിയിൽ നിന്ന് പണം തട്ടിയെന്നും എംവി ഗോവിന്ദൻ്റെ മകനുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ഷർഷാദ് ആരോപിച്ചിരുന്നു. എംബി രാജേഷ്, കെഎൻ ബാലഗോപാൽ, എംവി ഗോവിന്ദൻ തുടങ്ങി സിപിഎമ്മിൻ്റെ മുൻനിര നേതാക്കളുമായി രാജേഷ് കൃഷ്ണയ്ക്ക് അടുത്ത വ്യക്തിബന്ധമുണ്ടെന്നും 2016ന് ശേഷം യുകെയിൽ വലിയ വളർച്ചയാണ് രാജേഷ് കൃഷ്ണ നേടിയതെന്നും ഇയാൾ പറഞ്ഞിരുന്നു.












