ന്യൂഡൽഹി: കേരളത്തിന്റെ പശ്ചാത്തല വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അനുഭാവപൂർണമായ സമീപനമാണ് സ്വീകരിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ദേശീയപാത 66-മായി ബന്ധപ്പെട്ട് കേരളം മുന്നോട്ടുവെച്ച വിഷയങ്ങളിൽ നിർണായകമായ തീരുമാനങ്ങൾ എടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരിയിൽ നിർമാണം പൂർത്തിയാക്കുന്നതിനനുസരിച്ച് റോഡിന്റെ ഉദ്ഘാടനം നടത്തും.
പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയുടെ പ്രവൃത്തി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കി പെട്ടെന്ന് തന്നെ ഉദ്ഘാടനം നിർവഹിക്കാനുള്ള തീരുമാനമെടുത്തുവെന്നും മന്ത്രി ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ദേശീയപാത 66: നിർമാണ പുരോഗതിയും വെല്ലുവിളികളും
- നിർമാണം പൂർത്തിയായി: ദേശീയപാത 66-ൽ 450-ലധികം കിലോമീറ്ററുകൾ പൂർത്തിയായി.
- ഉദ്ഘാടനം: ജനുവരിയിൽ നിർമാണം പൂർത്തിയാക്കുന്നതിനനുസരിച്ച് ഉദ്ഘാടനം ചെയ്യും. ജനുവരിയിൽ തന്നെ പൂർത്തിയാക്കാനാണ് കേന്ദ്രമന്ത്രി നിർദേശം നൽകിയിരിക്കുന്നത്. അതിന് സാധിച്ചില്ലെങ്കിൽ തൊട്ടടുത്ത മാസം പൂർത്തിയാക്കും.
- കാലതാമസം: നിർമാണം വൈകിയെന്ന് പറയാനാകില്ലെന്നും, എന്നാൽ കുറച്ചുകൂടി വേഗത്തിലാക്കാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ചില കരാറുകാരുടെ അനാസ്ഥയാണ് നിർമാണം വൈകാൻ കാരണമെന്ന് മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.
- കേരളത്തിന്റെ നിലപാട്: ദേശീയപാത 66-മായി ബന്ധപ്പെട്ട് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ സർക്കാർ സ്വീകരിക്കുന്ന പൊതു നിലപാടിനെ കേന്ദ്രമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞതായി മന്ത്രി റിയാസ് വ്യക്തമാക്കി. ചിലയിടത്ത് അണ്ടർപാസും ഫ്ലൈ ഓവറും വേണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യങ്ങൾ പരിശോധിച്ച് മുന്നോട്ടുപോകാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്.
മറ്റ് പ്രധാന തീരുമാനങ്ങൾ
- കോഴിക്കോട് സിറ്റി റോഡ്: എൻ.എച്ച്. 66-ന്റെ നിർമാണം കാരണം തടസ്സപ്പെട്ട കോഴിക്കോട് സിറ്റി റോഡിന്റെ ഭാഗമായുള്ള പനാത്ത് താഴം – നേതാജി നഗറിൽ എലിവേറ്റഡ് ഹൈവേയ്ക്ക് ഫണ്ട് നൽകാനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർദേശം നൽകി.
- പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ: ഈ ഹൈവേയുടെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാനും ജനുവരിയിൽ മന്ത്രി വരുമ്പോൾ ഉദ്ഘാടനം ചെയ്യാനും തീരുമാനിച്ചു. ഇത് പ്രാവർത്തികമായാൽ പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് ഏകദേശം ഒന്നരമണിക്കൂർകൊണ്ട് എത്തിച്ചേരാനാകും.
- മറ്റ് ദേശീയപാതകൾ: എൻ.എച്ച്. 866 പ്രവൃത്തിയുടെ എല്ലാ തടസ്സങ്ങളും നീക്കാൻ കർശന നിലപാട് സ്വീകരിച്ചു. എൻ.എച്ച്. 744 പ്രവൃത്തി ഉദ്ഘാടനത്തിന് തയ്യാറാകാനുള്ള നിർദേശവും നൽകുകയും, ഇടമൺ-കൊല്ലം റോഡിന്റെ പരിഷ്കരിച്ച ഡി.പി.ആർ. ഡിസംബറിൽ സമർപ്പിക്കാനും തീരുമാനിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
National Highway 66 to be inaugurated in January; Union Minister Gadkari’s decisions crucial for Kerala’s development, says Minister Riyaz