ജറുസലം: ഗാസ മുനമ്പിനെയും ഈജിപ്തിനെയും വേർതിരിക്കുന്ന റഫ ഇടനാഴി ഉടൻ തുറക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു . റഫ ഇടനാഴി തിങ്കളാഴ്ച തുറക്കുമെന്ന് ഈജിപ്തിലെ പലസ്തീൻ എംബസി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രതികരണം.
മരിച്ച എല്ലാ ബന്ദികളുടെയും മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. വെടിനിർത്തൽ ധാരണ ലംഘിച്ചെന്ന് ഇസ്രയേലും ഹമാസും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ നടപടി.
റഫ ഇടനാഴി ഉടൻ തുറക്കില്ലെന്ന നെതന്യാഹുവിന്റെ പ്രസ്താവന കരാറിന്റെ നഗ്നമായ ലംഘനവും മധ്യസ്ഥർക്കു നൽകിയ ഉറപ്പുകളുടെ ലംഘനവുമാണെന്ന് ഹമാസ് പ്രതികരിച്ചു. റഫ ഇടനാഴി തുടർച്ചയായി അടച്ചിടുന്നത് മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനും ആവശ്യമായ ഉപകരണങ്ങൾ കൊണ്ടുവരുന്നത് തടസ്സപ്പെടുത്തുമെന്നും, അത് മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനും കൈമാറുന്നതിനും കാലതാമസം വരുത്തുമെന്നും ഹമാസ് പറഞ്ഞു. അതേസമയം, രണ്ടു മൃതദേഹങ്ങൾ കൂടി വിട്ടുകിട്ടിയെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. ഇതോടെ, കരാർപ്രകാരം കൈമാറാമെന്ന് സമ്മതിച്ചിരുന്ന 28 മൃതദേഹങ്ങളിൽ 12 എണ്ണം ഹമാസ് കൈമാറി.
അതേസമയം, വെടിനിർത്തൽ കരാർ ഹമാസ് ലംഘിക്കുന്നുവെന്നതിന്റെ വിശ്വസനീയമായ റിപ്പോർട്ടുകൾ ലഭിച്ചുവെന്നും, ആക്രമണവുമായി ഹമാസ് മുന്നോട്ടുപോകുകയാണെങ്കിൽ ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനും കരാറിന്റെ അഖണ്ഡത നിലനിർത്താനും ശക്തമായ നടപടി സ്വീകരിക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. എന്നാൽ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഡിപ്പാർട്ട്‌മെന്റ് തയാറായില്ല.
തന്റെ അധ്യക്ഷതയിൽ പ്രാബല്യത്തിൽ വന്ന കരാർ പാലിക്കുന്നതിൽ ഹമാസ് വീഴ്ച വരുത്തിയാൽ ഗാസയിൽ പോരാട്ടം പുനരാരംഭിക്കാൻ ഇസ്രയേൽ സൈന്യത്തെ അനുവദിക്കുന്നത് പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പറഞ്ഞിരുന്നു.
Netanyahu says Rafah corridor will not open soon; Hamas violates agreement, US warns













