ഒടിപിയോ മെസ്സേജുകളോ ഇല്ല, ഉറങ്ങിക്കിടക്കുമ്പോൾ യുപിഐ വഴി അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടി: സൈബർ തട്ടിപ്പിന്റെ പുതിയ മുഖം

ഒടിപിയോ മെസ്സേജുകളോ ഇല്ല, ഉറങ്ങിക്കിടക്കുമ്പോൾ യുപിഐ വഴി അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടി: സൈബർ തട്ടിപ്പിന്റെ പുതിയ മുഖം

ബെംഗളൂരു: ഒടിപി (OTP) ഉൾപ്പെടെയുള്ള ദ്വിതീയ ഓതൻ്റിക്കേഷൻ നടപടികളില്ലാതെ യുപിഐ പ്ലാറ്റ്‌ഫോം വഴി അക്കൗണ്ടിൽ നിന്ന് 90,900 രൂപ നഷ്ടപ്പെട്ടതായി ബെംഗളൂരുവിലെ റിതു മഹേശ്വരിയുടെ പരാതി. പുലർച്ചെ ഉറങ്ങിക്കിടക്കുമ്പോഴാണ് തൻ്റെ സ്വകാര്യ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതെന്നും, ഒരു അലേർട്ട് സന്ദേശവും ലഭിച്ചില്ലെന്നും റിതു അവകാശപ്പെടുന്നു. ഇത് ഓൺലൈൻ ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നവരെ ഭീതിയിലാഴ്ത്തുന്ന സൈബർ തട്ടിപ്പിന്റെ പുതിയ രൂപമാണോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്.

പുലർച്ചെ 3.24-നും 4.03-നും ഇടയിലാണ് മൂന്ന് ഇടപാടുകളിലായി 30,300 രൂപ വീതം അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്തത്. ഈ സമയത്ത് താൻ ഉറങ്ങുകയായിരുന്നുവെന്നും, ഇടപാടുകൾക്ക് അനുമതി നൽകുകയോ, വാട്ട്‌സ്ആപ്പ് വഴിയോ ഫോൺ കോളുകൾ വഴിയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് റിതു ഉറപ്പിച്ചു പറയുന്നു. ഇടപാടുകൾക്ക് താൻ അനുമതി നൽകിയിട്ടില്ലെന്നും ഒടിപി ലഭിച്ചിട്ടില്ലെന്നും റിതു അവകാശപ്പെടുമ്പോൾ, ഒടിപി ഉപയോഗിച്ചാണ് ഇടപാടുകൾ നടന്നതെന്നാണ് ബാങ്ക് വാദിക്കുന്നത്.

പുലർച്ചെ 4.37-ന് എഴുന്നേറ്റ് സംഭവം തിരിച്ചറിഞ്ഞ റിതു ഉടൻ തന്നെ ബാങ്കിന് പരാതി നൽകി. എന്നാൽ, അതിനുമുമ്പുതന്നെ ബാങ്ക് സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്തി 4.09-ന് റിതുവിൻ്റെ കാർഡ് ബ്ലോക്ക് ചെയ്തിരുന്നു. ഒടിപി പോലുമില്ലാതെ നടന്ന ഇടപാടുകൾ കണ്ടെത്താൻ ബാങ്കിന്റെ റിയൽ-ടൈം ഫ്രോഡ് ഡിറ്റക്ഷൻ സിസ്റ്റം വൈകിയെന്നാണ് റിതു മഹേശ്വരിയുടെ പ്രധാന ആരോപണം. ബാങ്കിന്റെ സിസ്റ്റം പരാജയപ്പെട്ടതാണ് പണം നഷ്ടപ്പെടാൻ കാരണം. ഡാറ്റാ ലംഘനം നടന്നിരിക്കാം, ബാങ്കിൻ്റേത് ദുർബലമായ സുരക്ഷാ സംവിധാനമാണ്. ബാധ്യത ഒഴിവാക്കാനാണ് ബാങ്ക് ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു. തൻ്റെ പണം തിരികെ നൽകാൻ ബാങ്ക് തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

റിതുവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ, മൈക്കോ ലേഔട്ട് പോലീസ് ഒക്ടോബർ 3-ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ലെ സെക്ഷൻ 66(C), 66(D) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. റിതു മഹേശ്വരി ഒക്ടോബർ 1-ന് തന്നെ നാഷണൽ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930-ൽ വിളിച്ച് പരാതി നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് ബാങ്ക് അധികൃതർ പ്രതികരിക്കാൻ തയ്യാറായില്ല.

New Face of Cyber Fraud: Bengaluru Woman Loses ₹90,900 via UPI While Asleep, Claims No OTP or Alerts

Share Email
Top