മാര്‍ട്ടിന്‍ വിലങ്ങോലില്‍
കൊപ്പേല്‍(ടെക്സാസ്): കോട്ടയം വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴില്‍ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ വിശ്വാസ പരിശീലന ഡിപ്പാര്‍ട്ട്മെന്റായ മാര്‍ത്തോമാ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ദൈവശാസ്ത്ര പഠനത്തില്‍, കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയിലെ ഒന്‍പത് അല്‍മായര്‍ ഡിപ്ലോമ ബിരുദം നേടി.
റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി അഫിലിയേറ്റ് ചെയ്ത ഈ പാഠ്യപദ്ധതിയില്‍, വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇടവകയില്‍ ഒക്ടോബര്‍ അഞ്ചിന് നടന്ന ബിരുദദാന ചടങ്ങില്‍ ബിഷപ്പ് എമരിറ്റസ് മാര്‍. ജേക്കബ് അങ്ങാടിയത്ത് ബിരുദധാരികള്‍ക്ക് ഡിപ്ലോമ സമ്മാനിച്ചു.
ജോര്‍ജ് പുളിക്കല്‍, ജിജോ ജോസഫ്, ഹണി ജിജോ, സന്തോഷ് ജോര്‍ജ്, വിനില്‍ വര്‍ഗീസ്, അമ്പില്‍ വി പാലാട്ടി, കിരണ്‍ ജോര്‍ജ്, മഞ്ജു കോലഞ്ചേരി, ഷീന ജോണ്‍ എന്നിവരാണ് രണ്ടു വര്‍ഷത്തെ പഠനം വിജയകരമായി പൂര്‍ത്തിയാക്കി ഡിപ്ലോമ കരസ്ഥമാക്കിയവര്‍.
ഇടവക വികാരി ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂര്‍ കുര്യന്‍, പാഠ്യപദ്ധതിയുടെ സൗത്ത് സോണ്‍ കോര്‍ഡിനേറ്റര്‍ മാനുവല്‍ ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ചിക്കാഗോ രൂപതാ മതബോധന ഡയറക്റ്റര്‍ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ ആണ് രൂപതയിലെ തിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡയറക്ടറും ഇതിന് നേതൃത്വം നല്‍കുന്നതും. കോട്ടയം വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠത്തിലെ പ്രഫസര്‍മാരുടെ കീഴിലാണ് വിദ്യാര്‍ഥികളുടെ പഠനം.
വിശ്വാസം ശക്തിപ്പെടുത്തുന്നതിനും ദൈവത്തെയും സഭയെയും കുറിച്ച് ആഴത്തില്‍ അറിയുന്നതിനും വേണ്ടി മുതിര്‍ന്നവര്‍ക്കായി രൂപീകരിച്ച ഈ തിയോളജി കോഴ്സ് പഠനം , 2019 ജൂലൈ 14-ന്
രൂപതയില്‍ തുടക്കം കുറിച്ചു. ഈ പാഠ്യപദ്ധതിയുടെ തുടര്‍ച്ചയായ ഏഴാമത്തെ ബാച്ചാണിത്. ഈ ബാച്ചില്‍ 37 പേര്‍ പഠനം പൂര്‍ത്തിയാക്കി.
Nine laypeople receive diplomas in theological studies at Marthoma Theological Institute: Bishop Emeritus Mar. Jacob Angadiyat presented the diplomas