പത്തനംതിട്ട: ശബരിമല യുവതീപ്രവേശനം അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൻ.കെ. പ്രേമചന്ദ്രൻ എം.പി. രഹ്നാ ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിൽ എത്തിക്കാൻ കൂട്ടുനിന്ന പിണറായി സർക്കാരാണ് ഇപ്പോൾ ആഗോള അയ്യപ്പ സംഗമത്തിന് നേതൃത്വം നൽകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിച്ച ‘വിശ്വാസ സംരക്ഷണ യാത്ര’യുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എൻ.കെ. പ്രേമചന്ദ്രൻ.
“രഹ്നാ ഫാത്തിമയും ബിന്ദു അമ്മിണിയും ഉൾപ്പെടെയുള്ളവർക്ക് പാലായിലെ റെസ്റ്റ് ഹൗസിൽ കൊണ്ടുവന്ന് ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്ത് വിശ്വാസത്തെ വികലമാക്കിയ സർക്കാരാണ് പിണറായി വിജയൻ്റേത്.”
“ആരും കാണാതെ പോലീസ് വാനിൽ കിടത്തിക്കൊണ്ടുവന്ന് പമ്പയിൽ എത്തിച്ച് മലകയറാൻ നേതൃത്വം കൊടുത്ത ആഭ്യന്തര വകുപ്പും സർക്കാരുമാണ് ഇപ്പോൾ ആഗോള അയ്യപ്പ സംഗമത്തിന് നേതൃത്വം നൽകുന്നത്.”
അതേസമയം, ശബരിമല സ്വർണക്കൊള്ളയിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. അയ്യപ്പ സംഗമം കപടഭക്തിയുടെ പ്രകടനമാണെന്നും ശബരിമലയെ അവഹേളിച്ച സർക്കാരിന് അയ്യപ്പശാപമാണ് ഏറ്റതെന്നും സതീശൻ ആരോപിച്ചു. സുപ്രീം കോടതിയിലെ സത്യവാങ്മൂലവും നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകളും പിൻവലിക്കുകയാണ് സർക്കാർ ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.













