വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തോടുള്ള അസംതൃപ്തി പ്രകടിപ്പിക്കാൻ ഇടതുപക്ഷ ചായ്‌വുള്ള ‘നോ കിങ്സ്’ സംഘടന രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഒരുങ്ങുന്നു. ‘നോ കിങ്സ് പ്രതിഷേധങ്ങൾ’ എന്ന പേര് നൽകിയ ഈ പരിപാടിയിൽ രാജ്യത്തെ 2700 കേന്ദ്രങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ ഭരണം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നുവെന്ന് ആരോപിച്ചാണ് ഈ ബഹുജന പ്രതിഷേധം സംഘടിപ്പിക്കുന്നത്.
‘നോ കിംഗ്സ്’ സംഘടന കഴിഞ്ഞ ജൂൺ മാസത്തിൽ സമാനമായ പ്രതിഷേധ പരിപാടികൾ യുഎസിൽ നടത്തിയിരുന്നു. ട്രംപ് ഒരു രാജാവല്ലെന്നും, അദ്ദേഹത്തിന്റെ ഭരണരീതിക്കെതിരെ ശക്തമായ താക്കീത് നൽകുകയാണ് ലക്ഷ്യമെന്നും സംഘടന വ്യക്തമാക്കി. ഈ പ്രതിഷേധങ്ങളെ നേരിടാൻ ട്രംപ് ഭരണകൂടം രാജ്യത്തെ പല നഗരങ്ങളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പ്രാദേശിക നേതാക്കളുടെ വിലക്കുകളെ അവഗണിച്ചാണ് ഈ നടപടിയെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. പ്രതിഷേധക്കാരെ ശക്തമായി നേരിടുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റദിന ബഹുജന പ്രതിഷേധമാക്കി ഇതിനെ മാറ്റുമെന്നാണ് ‘നോ കിംഗ്സ്’ സംഘാടകർ പ്രഖ്യാപിച്ചിരിക്കുന്നത്.
2025 ജൂണിൽ ‘നോ കിംഗ്സ്’ നേതൃത്വം നൽകിയ പ്രതിഷേധ ദിനത്തിൽ ട്രംപിന്റെ സൈനിക പരേഡിനെതിരെ ദശലക്ഷക്കണക്കിന് ആളുകളെ തെരുവിലിറക്കിയിരുന്നു. ‘നോ കിംഗ്സ്’ എന്നത് വെറുമൊരു മുദ്രാവാക്യമല്ല, യുഎസിന്റെ ജനാധിപത്യ അടിത്തറയെ പ്രതിനിധീകരിക്കുന്നതാണെന്ന് സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റായ nokings.org-ൽ പറയുന്നു. ട്രംപിന്റെ സ്വേച്ഛാധിപത്യ നീക്കങ്ങൾക്കെതിരെ ജനങ്ങളെ വീണ്ടും ഒന്നിപ്പിച്ച് തെരുവിലിറക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ‘നോ കിംഗ്സ്’ വ്യക്തമാക്കി.













