ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ നടത്താനിരുന്ന ഗൾഫ് രാജ്യങ്ങളിലെ ഔദ്യോഗിക പര്യടനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. ഈ മാസം 16 മുതൽ നവംബർ 9 വരെയായിരുന്നു മുഖ്യമന്ത്രിയുടെ വിദേശയാത്ര നിശ്ചയിച്ചിരുന്നത്. ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ വ്യക്തികളുമായും മലയാളി സമൂഹവുമായും കൂടിക്കാഴ്ചകൾ നടത്താനായിരുന്നു മുഖ്യമന്ത്രി പദ്ധതിയിട്ടിരുന്നത്.
ഒക്ടോബർ 16-ന് ബഹ്‌റൈൻ, 17-ന് സൗദിയിലെ ദമ്മാം, 18-ന് ജിദ്ദ, 19-ന് റിയാദ്, 24-നും 25-നും മസ്‌കത്ത്, 30-ന് ഖത്തർ, നവംബർ 7-ന് കുവൈത്ത്, 9-ന് അബുദാബി എന്നിങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ വിശദമായ യാത്രാ ഷെഡ്യൂൾ.
അതേസമയം, ഗൾഫ് യാത്രയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും, കിട്ടുമോ എന്ന് നോക്കാമല്ലോ എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. എന്നാൽ, അവസാന നിമിഷം കേന്ദ്രം അനുമതി നിഷേധിച്ചതോടെ മുഖ്യമന്ത്രിയുടെ വിദേശ പര്യടനം മുടങ്ങി.