ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനെത്തിയ അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി പങ്കെടുത്ത പത്രസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം (എം.ഇ.എ.). ഈ പത്രസമ്മേളനം സംഘടിപ്പിച്ചതിലോ അതിൽ ആരെ പങ്കെടുപ്പിക്കണം എന്ന് തീരുമാനിച്ചതിലോ ഇന്ത്യക്ക് യാതൊരു പങ്കുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയത് അശ്രദ്ധമൂലം: താലിബാൻ
പത്രസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ മനഃപൂർവം ഒഴിവാക്കിയെന്ന ആരോപണം താലിബാൻ രാഷ്ട്രീയ കാര്യാലയം തലവൻ സുഹൈൽ ഷഹീൻ നിഷേധിച്ചു. ഇത് അശ്രദ്ധമായി സംഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
“ഇത് ശരിയല്ല. അഫ്ഗാനിസ്ഥാനിലെ മാധ്യമ സ്ഥാപനങ്ങളിൽ വനിതാ മാധ്യമപ്രവർത്തകർ ജോലി ചെയ്യുന്നുണ്ട്. മുത്തഖി സാഹിബ് പതിവായി കാബൂളിലെ തൻ്റെ ഓഫീസിൽ വെച്ച് വനിതാ മാധ്യമപ്രവർത്തകരെയും പ്രതിനിധികളെയും കാണാറുണ്ട്. ഒരു നിയന്ത്രണവുമില്ല,” സുഹൈൽ ഷഹീൻ വിശദീകരിച്ചു.











