2025-ലെ ഭൗതിക ശാസ്ത്ര നൊബേൽ പുരസ്കാരം ജോൺ ക്ലാർക്ക്, മൈക്കൽ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവർക്ക് ലഭിച്ചു. ക്വാണ്ടം ഭൗതികശാസ്ത്രത്തിലെ പരീക്ഷണങ്ങൾക്കാണ് യുഎസിൽ നിന്നുള്ള മൂന്ന് ശാസ്ത്രജ്ഞർക്ക് 2025 ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.
മൂവരും കാലിഫോർണിയ സർവകലാശാലയുടെ ഭാഗമായിരുന്നപ്പോൾ ക്വാണ്ടം ക്രിപ്റ്റോഗ്രഫി, ക്വാണ്ടം കമ്പ്യൂട്ടറുകൾ, ക്വാണ്ടം സെൻസറുകൾ എന്നിവയുൾപ്പെടെ അടുത്ത തലമുറയിലെ ക്വാണ്ടം സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് നടത്തിയ ഗവേഷണത്തിനാണ് അംഗീകാരം. മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണ്ണലിംഗിന്റെയും വൈദ്യുതി സർക്യൂട്ടുകളിലെ ഊർജ്ജ ക്വാണ്ടൈസേഷന്റെയും കണ്ടെത്തിയത് ഈ മൂവർ സംഘമാണ്. 1984-നും 1985-നും ഇടയിൽ കാലിഫോർണിയ സർവകലാശാലയിൽ നടത്തിയ ഗവേഷണങ്ങൾക്കാണ് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ഈ അംഗീകാരം പ്രഖ്യാപിച്ചത്.
ക്വാണ്ടം മെക്കാനിക്കൽ പ്രതിഭാസങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു വ്യവസ്ഥയുടെ പരമാവധി വലിപ്പം എത്രയാണെന്ന ചോദ്യം ഭൗതിക ശാസ്ത്രത്തിലെ ഒരു പ്രധാന വെല്ലുവിളിയാണ്. ജോൺ ക്ലാർക്കും സംഘവും കൈയ്യിൽ ഒതുങ്ങാവുന്ന വലിപ്പമുള്ള ഒരു വൈദ്യുതി സർക്യൂട്ടിൽ ക്വാണ്ടം മെക്കാനിക്കൽ ടണ്ണലിംഗും ക്വാണ്ടൈസ്ഡ് ഊർജ്ജ നിലകളും സാധ്യമാണെന്ന് തെളിയിച്ചു. ഈ കണ്ടെത്തൽ ക്വാണ്ടം കമ്പ്യൂട്ടിങ് രംഗത്തെ പുരോഗതിയിൽ നിർണായക പങ്കുവഹിച്ചു, ഇത് ആധുനിക സാങ്കേതിക വിദ്യയുടെ ഭാവിയെ സ്വാധീനിക്കുന്നു.
118-ാമത് ഭൗതിക ശാസ്ത്ര നൊബേൽ പുരസ്കാരമാണ് ഇത്. ഈ ഗവേഷണം ക്വാണ്ടം ഭൗതിക ശാസ്ത്രത്തിന്റെ അതിരുകൾ വിപുലീകരിക്കുകയും സാങ്കേതിക വിദ്യയിൽ പുതിയ സാധ്യതകൾ തുറക്കുകയും ചെയ്തു. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസിന്റെ പ്രഖ്യാപനം ശാസ്ത്ര ലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
Nobel Prize in Physics awarded to 3 American scientists