വർഗീസ് പാലമലയിൽ
ഹൂസ്റ്റൺ: സുറിയാനി ഓർത്തഡോക്‌സ് സഭയുടെ നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിന് കീഴിലുള്ള വൈദീകരുടെ ധ്യാനം ഒക്ടോബർ 23, 24, 25 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ ഹൂസ്റ്റൺ സെന്റ് ബേസിൽസ് സുറിയാനി ഓർത്തഡോക്‌സ് ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു.
അമേരിക്കൻ അതിഭദ്രാസനാധിപനും, പാത്രിയർക്കൽ വികാരിയുമായ, ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തയുടെ മഹനീയ സാന്നിധ്യത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനങ്ങളിൽ റവ. ഫാ. എ. പി. ജോർജ്, റവ. ഫാദർ സജി മർക്കോസ്, റവ. ഡോക്ടർ ബിന്നി ഫിലിപ്പ് നെടുംപുറത്ത്, (വികാരി, സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തോലിക്ക പള്ളി), ശ്രീമതി താര ഓലപ്പള്ളി, റവ. ഫാ. ബേസിൽ എബ്രാഹം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 8.00 മണിക്ക് മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടു കൂടി ധ്യാനം സമാപിച്ചു.

മലങ്കരയുടെ യാക്കോബ് ബുർദ്ദാന ആയിരുന്ന പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഒന്നാം ദുഖ്‌റോനോയും ധ്യാനത്തോടനുബന്ധിച്ച് നടത്തപ്പെട്ടു. ഹൂസ്റ്റൺ മേഖലയിൽ നിന്നുള്ള വിശ്വാസികളും നേർച്ചക്കാഴ്ചകളോടെ ബാവായുടെ ശ്രാദ്ധപ്പെരുന്നാളിൽ പങ്കെടുത്തു.

വാർഷിക ധ്യാനത്തിന്റെ നടത്തിപ്പിനായി നോർത്ത് അമേരിക്കൻ അതിഭദ്രാസന വൈദീക സെക്രട്ടറി റവ. ഫാ. ഗീവറുഗീസ് ജേക്കബ് ചാലിശ്ശേരി, വൈദീക കൗൺസിൽ അംഗങ്ങൾ, സെന്റ് ബേസിൽസ് ഇടവക വികാരി റവ. ഫാ. ബിജോ മാത്യു, ഇടവകാംഗങ്ങൾ തുടങ്ങിയവർ നേതൃത്വം വഹിച്ചു. അമേരിക്കയിലെ 84 പള്ളികളിൽ നിന്നായി 50-ൽ അധികം വൈദീകർ ധ്യാനത്തിൽ പങ്കെടുത്തു.
North American Clergy Retreat Meditation Concludes in Houston













