മുംബൈ: കരയിലും കടലിലുമായി ഊർജ്ജോത്പാദന രംഗത്ത് വൻ മാറ്റത്തിന് തുടക്കമിടാൻ ഇന്ത്യ. ചരക്കുകപ്പലുകൾക്ക് ഫോസിൽ ഇന്ധനത്തിന് പകരം ആണവോർജ്ജം നൽകാനായി 200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന കോംപാക്ട് സൈസിലുള്ള ചെറിയ ആണവ റിയാക്ടർ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. ആണവോർജ്ജ ഗവേഷണ കേന്ദ്രമായ ഭാഭ അറ്റോമിക് റിസർച്ച് സെൻററിലെ (ബാർക്ക്) ശാസ്ത്രജ്ഞരാണ് ഈ സുപ്രധാന ഉദ്യമത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.
കപ്പൽ ഗതാഗത രംഗത്ത് വമ്പൻ പരിവർത്തനത്തിന് വഴിയൊരുക്കുന്ന ഈ പദ്ധതി നടപ്പിലായാൽ ചരക്കുകപ്പലുകൾക്ക് ഫോസിൽ ഇന്ധനത്തെ പൂർണ്ണമായി ആശ്രയിക്കുന്നത് ഒഴിവാക്കാനാകും. അണുവിഭജനത്തിലൂടെ ഉണ്ടാകുന്ന താപം ഉപയോഗിച്ച് വെള്ളം നീരാവിയാക്കി, ആ നീരാവി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രക്രിയയാണ് ഇത്തരം റിയാക്ടറുകളിൽ നടക്കുക.
ഇതിന് പുറമെ, 55 മെഗാവാട്ടിന്റെ മറ്റൊരു ചെറിയ റിയാക്ടറും ബാർക്ക് വികസിപ്പിക്കുന്നുണ്ട്. സിമന്റ് ഉത്പാദനം പോലെയുള്ള വലിയതോതിൽ ഊർജ്ജം ആവശ്യമുള്ള ഫാക്ടറികളിൽ ഉപയോഗിക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ റിയാക്ടർ. ഇത് വിജയകരമായാൽ രാജ്യത്തിന്റെ ആണവോർജ്ജ ഉപഭോഗത്തിൽ വലിയൊരു വഴിത്തിരിവിനാകും ഇടയാക്കുക.
കൂടുതൽ ആണവ ഇന്ധനം സൂക്ഷിക്കാവുന്ന വമ്പൻ ആണവോർജ്ജ കേന്ദ്രങ്ങൾക്ക് പകരം ഓരോ പ്രദേശത്തും സുരക്ഷിതമായി സ്ഥാപിക്കാൻ കഴിയുന്ന ചെറുകിട ആണവ റിയാക്ടറുകളാണ് ബാർക്കിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചുവരുന്നത്. ഭാരത് സ്മോൾ മോഡ്യുലാർ റിയാക്ടർ (ബിഎസ്എംആർ) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്.
നിലവിൽ ഇന്ത്യൻ നാവികസേനയുടെ പക്കൽ ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന തദ്ദേശീയമായി വികസിപ്പിച്ച ഐഎൻഎസ് അരിഹന്ത്, ഐഎൻഎസ് അരിഘാത് എന്നീ രണ്ട് അന്തർവാഹിനികളുണ്ട്. ഐഎൻഎസ് അരിധമൻ എന്ന മറ്റൊരു അന്തർവാഹിനി പരീക്ഷണ ഘട്ടത്തിലാണ്, അത് ഉടനെ സേനയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. ഇവയിൽ ഉപയോഗിക്കുന്നത് ബാർക്ക് വികസിപ്പിച്ച 83 മെഗാവാട്ടിന്റെ ചെറിയ ആണവ റിയാക്ടറാണ്. കൂടാതെ, നാവികസേനയ്ക്കായി ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനവാഹിനി കപ്പലും ആലോചനയിലുണ്ട്.
സിവിൽ ആണവോർജ്ജ മേഖലയിൽ സ്വകാര്യ സംരംഭകരെ അനുവദിക്കുന്ന തരത്തിൽ 1962ലെ ആണവോർജ്ജ നിയമം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വകാര്യ സംരംഭകർക്ക് ആണവ റിയാക്ടറുകൾ സ്ഥാപിക്കാനും ഊർജ്ജോത്പാദനം നടത്താനും അനുമതി നൽകുന്ന നിയമമാറ്റത്തിന് അനുഗുണമായാണ് ബാർക്കിന്റെ ചെറുകിട റിയാക്ടറുകൾ വരാൻപോകുന്നത്. ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047ൽ 100 ഗിഗാവാട്ട് ആണവോർജ്ജ ഉത്പാദനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ ഇന്ത്യയുടെ ആണവോർജ്ജ ശേഷി 8.8 ഗിഗാവാട്ട് മാത്രമാണ്.
Nuclear power for cargo ships; India to usher in a major change in energy generation on land and at sea