മലപ്പുറം: എടപ്പാൾ കണ്ടനക്കത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. ഒരാള് മരിച്ചു. കടയിൽ സാധനം വാങ്ങാനായി എത്തിയ വിജയൻ (60) ആണ് മരിച്ചത്. അപകടത്തിൽ വിദ്യാർത്ഥികളടക്കം 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
ദാറുൽ ഹുദായ സ്കൂളിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ ബസ്സിന് എതിരെ വന്ന വാഹനം തട്ടാതിരിക്കാൻ പെട്ടെന്ന് വെട്ടിച്ചപ്പോൾ ബസ് നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ബസ് കടയിലേക്ക് ഇടിച്ചു കയറിയതിനെ തുടർന്ന് കടയുടെ മുൻഭാഗം തകർന്നു.
നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രികളിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി വലിയ ആശുപത്രികളിലേക്കും മാറ്റി.













