റസ്റ്റോറന്റുകളിലെ മിന്നൽ പരിശോധനയിൽ 157 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി; 41 സ്ഥാപനങ്ങളിൽ ‘ഓപ്പറേഷൻ ഹണി ഡ്യൂക്‌സ്’

റസ്റ്റോറന്റുകളിലെ മിന്നൽ പരിശോധനയിൽ 157 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി; 41 സ്ഥാപനങ്ങളിൽ ‘ഓപ്പറേഷൻ ഹണി ഡ്യൂക്‌സ്’

കൊച്ചി: സംസ്ഥാനത്തെ റസ്റ്റോറന്റുകളിൽ ജിഎസ്ടി വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിലുള്ള നികുതി വെട്ടിപ്പ് കണ്ടെത്തി. ഓപ്പറേഷൻ ഹണി ഡ്യൂക്‌സ് എന്ന പേരിൽ നടത്തിയ പരിശോധനയിൽ 157 കോടി രൂപയുടെ വെട്ടിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി സർക്കാരിന് ഏകദേശം 8 കോടി രൂപയുടെ നികുതി നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. നികുതി വെട്ടിപ്പിനെക്കുറിച്ച് ലഭിച്ച വ്യാപകമായ പരാതികളെ തുടർന്നാണ് സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം പരിശോധന ആരംഭിച്ചത്. ഇന്നലെ വൈകുന്നേരം ആറ് മണിക്ക് തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെ വരെ നീണ്ടു. സംസ്ഥാനത്താകെ 41 റസ്റ്റോറന്റുകളിലാണ് ഒരേസമയം പരിശോധന നടത്തിയത്.

കൃത്രിമം ബില്ലിങ് സോഫ്റ്റ്‌വെയറിൽ

ബില്ലിങ് സോഫ്റ്റ്‌വെയറിൽ കൃത്രിമം കാണിച്ചും യഥാർത്ഥ വരുമാനം മറച്ചുവെച്ചുമാണ് മിക്ക സ്ഥാപനങ്ങളും തട്ടിപ്പ് നടത്തിയിരുന്നത്. പരിശോധന നടന്ന സ്ഥാപനങ്ങളെല്ലാം നേരത്തെ തന്നെ ജിഎസ്ടി ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരുന്നു. നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്ന് നികുതി തുകയ്ക്ക് പുറമെ 15 ശതമാനം പിഴയും (പെനാൽറ്റി) ഈടാക്കും. പരിശോധന നടന്ന സ്ഥാപനങ്ങളിൽ നിന്ന് ഇതുവരെ നികുതിയിനത്തിൽ 68 ലക്ഷത്തോളം രൂപ പിരിച്ചെടുത്തതായി സംസ്ഥാന ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വരും ദിവസങ്ങളിലും കൂടുതൽ ഇടങ്ങളിൽ പരിശോധന തുടരാനാണ് ജിഎസ്ടി വകുപ്പിന്റെ തീരുമാനം.

Share Email
Top