തിരുവനന്തപുരം: ശബരിമലയിലെ സ്വർണമോഷണ വിവാദത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളവും സംഘർഷവും. ഇന്ന് നടപടികൾ തുടങ്ങിയതോടെ പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം ആരംഭിച്ചത്.
വാച്ച് ആൻഡ് വാർഡിനെ വെച്ച് പ്രതിപക്ഷത്തെ നേരിടാൻ സ്പീക്കർ ശ്രമിച്ചുവെന്നും മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംഗ് പരാമർശവും വിഡി സതീശൻ സഭയിൽ ഉന്നയിച്ചു. ഇതോടെ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്ക് തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലേക്കിറങ്ങി. ബാനർ പിടിച്ചു വാങ്ങാൻ സ്പീക്കർ വാച്ച് ആൻറ് വാർഡിനോട് പറഞ്ഞത് സഭയിൽ പ്രതിഷേധം ശക്തമാക്കി.
ബാനറുമായി പ്രതിപക്ഷം വീണ്ടും സ്പീക്കറുടെ ചെയറിന് മുന്നിൽ നിന്നുകൊണ്ട് പ്രതിഷേധിക്കുകയാണ്. എന്നാൽ ചെയറിനു മുന്നിൽ ബാനർ പിടിക്കരുതെന്ന നിലപാടിലാണ് സ്പീക്കർ.
അതിനിടെ, പ്രതിപക്ഷത്തെ പ്രതിരോധിച്ച് ഭരണപക്ഷ എംഎൽഎമാർ രംഗത്തെത്തി. പ്രതിപക്ഷം ഒരു വനിതയെ ആക്രമിച്ചെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം സഭയിൽ തോന്നിയവാസം കാണിക്കു .കയാണെന്നും പ്രതിപക്ഷ നേതാവ് ഗുണ്ടായിസത്തിന് നേതൃത്വം കൊടുക്കുകയാണെന്നും എംബി രാജേഷ് പറഞ്ഞു.
ചോദ്യോത്തരവേള തടസ്സപ്പെടുത്താൻ പ്രതിപക്ഷം നീക്കം നടത്തുകയാണെന്ന് സ്പീക്കറും പ്രതികരിച്ചു. ബഹളത്തിനിടെ ചോദ്യോത്തര വേളയിലേക്ക് സ്പീക്കർ കടക്കുകയും ചെയ്തു. തുടർന്നും സഭ ചേർന്നപ്പോൾ പ്രതിപക്ഷം ബഹളവുമായി മുന്നിൽ വന്നു. സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാഗ്വാദവുമുണ്ടായി. പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്‌കരിച്ചു.
Opposition ruckus in the House today: Tension in the House