ഹെരിഫോർഡ്: നഴ്‌സിങ് രംഗത്തെ ഓസ്‌കാർ പുരസ്‌കാരത്തിന് തുല്യമായി കണക്കാക്കുന്ന വെൽഷ് സർക്കാരിന്റെ ‘മികച്ച കെയർ അവാർഡിനുള്ള’ (Best Care Award) ഗോൾഡ് മെഡൽ കൊല്ലം സ്വദേശിനിയായ ഷൈനി സ്‌കറിയക്ക് ലഭിച്ചു. സൗദി അറേബ്യയിൽ വർഷങ്ങളോളം ഇന്റൻസീവ് കെയർ യൂണിറ്റ് നഴ്‌സായി ജോലി ചെയ്ത ശേഷം അഞ്ച് വർഷം മുൻപ് യു.കെയിൽ എത്തിയ ഷൈനിയുടെ നേട്ടം വെയിൽസിലെ മലയാളി സമൂഹത്തിന് അഭിമാനമായി.
പുരസ്‌കാരം ലഭിച്ചതോടെ വെയിൽസിലെ പ്രധാന പത്രങ്ങളെല്ലാം ഷൈനിയുടെ നേട്ടം ഒന്നാം പേജ് വാർത്തയാക്കിയാണ് പ്രാദേശിക സമൂഹത്തിന് പിന്തുണ നൽകുന്നത്. ദീർഘകാലം വിദേശ ആശുപത്രിയിൽ ജോലി ചെയ്തതിലൂടെ നേടിയ പ്രൊഫഷണലിസമാണ് നിലവിൽ ജോലി ചെയ്യുന്ന കെയർ ഹോമിന്റെ മികവിന് പ്രധാന കാരണമായി മാറിയതെന്ന് വിലയിരുത്തപ്പെടുന്നു.
സാധാരണയായി ചെറുപ്പക്കാർ നഗരപ്രദേശങ്ങളിൽ ജോലി ചെയ്യാൻ ഇഷ്ടപ്പെടുമ്പോൾ, റിയാദ് നഗരത്തിൽ നിന്നും വെയിൽസിലെ ഒരു പ്രാന്തപ്രദേശമായ റെയ്ഡറിലെ ഗ്രാമത്തിൽ സേവനം ചെയ്യാൻ ഷൈനി തയ്യാറായതാണ് അവാർഡ് നിർണ്ണയത്തിൽ നിർണ്ണായകമായത്. ഈ തീരുമാനം സാമൂഹ്യസേവന കാഴ്ചപ്പാടിൽ വിലമതിക്കാനാവാത്തതാണെന്നും അവാർഡ് കമ്മിറ്റി വിലയിരുത്തി. കുടിയേറ്റക്കാരെക്കൊണ്ട് നാടിന് ഗുണമുണ്ട് എന്ന ചിന്ത പടർത്താൻ വെൽഷ് സർക്കാരിന്റെ ഈ തീരുമാനം സഹായകമാവുകയാണ്.
വെയിൽസിലെ റെയ്ഡറിൽ 64 കിടക്കകളുള്ള വലിയൊരു കെയർ ഹോമിലാണ് 36കാരിയായ ഷൈനി ഇപ്പോൾ ജോലി ചെയ്യുന്നത്. ഇന്റൻസീവ് കെയർ യൂണിറ്റ് നഴ്‌സായി മികച്ച സേവനം നടത്തിയിരുന്ന ഷൈനിക്ക് കെയർ ഹോം മേഖല തികച്ചും അപരിചിതമായിരുന്നിട്ടും ബെസ്റ്റ് കെയർ നഴ്‌സ് എന്ന അവാർഡിലേക്ക് എത്താൻ അധികം ദൂരമുണ്ടായിരുന്നില്ല. സൗദിയിൽ നിന്നും 4000 മൈൽ സഞ്ചരിച്ചെത്തിയ ഷൈനിയുടെ ഈ ‘പരിവർത്തനം’ (ട്രാൻസ്‌ഫോർമേഷൻ) ഏതൊരു നഴ്‌സിനും മാതൃകയായിരിക്കണം എന്നാണ് അവാർഡ് നിർണ്ണയ സമിതിയുടെ വിലയിരുത്തൽ. കോവിഡ് കാലത്തെത്തിയ വിദേശ നഴ്‌സ് എന്ന നിലയിൽ തുടക്കത്തിൽ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെങ്കിലും ഷൈനി പുതിയ അന്തരീക്ഷവുമായി അതിവേഗം പൊരുത്തപ്പെട്ടു.
ഷൈനിയുടെ ഹോം മാനേജർ സോഫി തന്നെയാണ് അവരെ അവാർഡിനായി നോമിനേറ്റ് ചെയ്തത് എന്ന പ്രത്യേകതയുമുണ്ട്. ഷൈനിയുടെ ‘പോസിറ്റീവ് മനോഭാവം’ കെയർ ഹോമിന്റെ മൊത്തം പ്രവർത്തനത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി എന്നും മാനേജർ നോമിനേഷനിൽ വ്യക്തമാക്കി.
അവാർഡ് ലഭിച്ചതിനെക്കുറിച്ച് പ്രതികരിച്ച ഷൈനി, യു.കെയിലെ ആദ്യ നാളുകളിൽ താൻ ഇങ്ങോട്ട് വരാനെടുത്ത തീരുമാനം ശരിയായിരുന്നോ എന്ന് പലപ്പോഴും സംശയിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞു. വിദൂരമായ പ്രദേശത്തു ജീവിക്കേണ്ടി വരുന്നതിന്റെ എല്ലാ പ്രയാസങ്ങളും തന്നെ അലട്ടിയിരുന്നു. എന്നാൽ, സാവകാശം പുതിയ സാഹചര്യങ്ങളുമായി രണ്ടു കുട്ടികളോടൊപ്പം പൊരുത്തപ്പെട്ടു. ഇപ്പോൾ ഭർത്താവും കുഞ്ഞുങ്ങളും ഉൾപ്പെടുന്ന ചെറിയ കുടുംബത്തിന് ഇത്തരം പ്രദേശത്ത് താമസിക്കുമ്പോൾ ലഭിക്കുന്ന ‘മനസ്സമാധാനം’ (പീസ് ഓഫ് മൈൻഡ്) ഏറെ പ്രധാനമായി തോന്നുന്നുവെന്നും ഷൈനി കൂട്ടിച്ചേർത്തു.
വെയിൽസിലെ ആരോഗ്യ മേഖലയിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി കണക്കാക്കുന്ന ഈ പുരസ്‌കാരം കാർഡിഫ് ഹോളണ്ട് ഹൗസ് ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഷൈനി ഏറ്റുവാങ്ങിയത്. 2020ൽ വെയിൽസിലേക്ക് മാറും മുമ്പ് ഷൈനി റിയാദിലെ കുട്ടികളുടെ ഇന്റൻസീവ് കെയർ യൂണിറ്റിലാണ് (ഐ.സി.യു.) ജോലി ചെയ്തിരുന്നത്. ജേക്കബ് തരകനാണ് ഭർത്താവ്. മക്കൾ: മന്ന, ഹന്ന.
‘Oscar’ in the field of nursing: Kollam native Shiny Scaria wins Welsh government’s gold medal