ഇന്തോനേഷ്യയിൽ ഇസ്ലാമിക് ബോർഡിംഗ് സ്കൂളിലെ കെട്ടിടം തകർന്നു; 91 പേരെ കാണാതായി, 65 പേർ അവശിഷ്ടങ്ങൾക്കടിയിലെന്ന് സംശയം

ഇന്തോനേഷ്യയിൽ ഇസ്ലാമിക് ബോർഡിംഗ് സ്കൂളിലെ കെട്ടിടം തകർന്നു; 91 പേരെ കാണാതായി, 65 പേർ അവശിഷ്ടങ്ങൾക്കടിയിലെന്ന് സംശയം

ജക്കാർത്ത: ഇന്തോനേഷ്യയിലെ കിഴക്കൻ ജാവയിൽ സ്ഥിതി ചെയ്യുന്ന ഒരു ഇസ്ലാമിക് ബോർഡിംഗ് സ്കൂളിലെ കെട്ടിടം തകർന്നതിനെ തുടർന്ന് വൻ ദുരന്തം. 91 പേരെയാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കാണാതായത്. കെട്ടിടം തകരുമ്പോൾ 65 ഓളം വിദ്യാർത്ഥികൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിപ്പോയതായി സംശയിക്കുന്നതായും ഇന്തോനേഷ്യയിലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച ഉച്ച കഴിഞ്ഞുള്ള പ്രാർത്ഥന നടക്കുന്നതിനിടെയാണ് അനുമതിയില്ലാതെ നിർമ്മിച്ച പ്രാർത്ഥനാ മുറി തകർന്നുവീണത്. മൂന്ന് പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽ നൂറോളം പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.

ആറ് വിദ്യാർത്ഥികളെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെ കണ്ടെത്തിയെങ്കിലും പുറത്തെത്തിക്കാനായിട്ടില്ല. ഇവരെ പുറത്തെത്തിക്കാൻ ടണൽ രൂപത്തിലുള്ള വഴിയൊരുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ, കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ പുറത്തെത്തിക്കാനുള്ള സമയം വളരെ കുറവാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. തകർന്നുവീണത് നാല് നിലകളുള്ള അനധികൃത നിർമ്മിതിയാണ്. അപകടം നടക്കുന്ന സമയത്തും കെട്ടിടത്തിന്റെ നാലാം നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയായിരുന്നു. 12-നും 18-നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളും അധ്യാപകരുമാണ് അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നത്.

Share Email
LATEST
Top