തിരുവനന്തപുരം : സമാധാന ചർച്ചകളിൽ സമവായത്തിലെത്താൻ കഴിഞ്ഞില്ലെങ്കിൽ അഫ്ഗാനിസ്ഥാനുമായി തുറന്ന യുദ്ധത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. അതിർത്തിയിലെ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇരുരാജ്യങ്ങളും വെടിനിർത്തലിന് സമ്മതിക്കുകയും, തുർക്കിയിലെ ഇസ്താംബൂളിൽ രണ്ടാം ഘട്ട ചർച്ചകൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഖ്വാജ ആസിഫിന്റെ പ്രതികരണം.
രണ്ടാഴ്ച നീണ്ടുനിന്ന കനത്ത ഏറ്റുമുട്ടലുകൾക്ക് ശേഷമാണ് അതിർത്തിയിൽ ശാശ്വത സമാധാനം ലക്ഷ്യമിട്ട് ഉഭയകക്ഷി ചർച്ചകൾ നടക്കുന്നത്. പാകിസ്ഥാനെ ആക്രമിക്കുന്ന താലിബാൻ തീവ്രവാദികളെ നിയന്ത്രിക്കണമെന്ന് ഇസ്ലാമാബാദ് ആവശ്യപ്പെട്ടതോടെയാണ് ഈ മാസം ആദ്യം സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പാക് സൈന്യത്തെ ലക്ഷ്യമിടുന്ന തീവ്രവാദികൾക്ക് അഫ്ഗാൻ അഭയം നൽകുന്നതായും പാകിസ്ഥാൻ ആരോപിക്കുന്നു. എന്നാൽ, താലിബാൻ ഈ ആരോപണം നിഷേധിക്കുകയും പാകിസ്ഥാന്റെ സൈനിക നടപടികൾ അഫ്ഗാൻ പരമാധികാരത്തെ ലംഘിക്കുന്നു എന്ന് തിരിച്ചടിക്കുകയും ചെയ്തിരുന്നു.
“പ്രശ്നം പരിഹരിച്ചില്ലെങ്കിൽ, യുദ്ധം ഉണ്ടാകും. ഒരു കരാറും നടന്നില്ലെങ്കിൽ, അവരുമായി ഒരു തുറന്ന യുദ്ധമുണ്ടാകാം” – ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി. സംഘർഷം കാരണം അതിർത്തിയിലൂടെയുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും വരവിനെ ബാധിച്ചതോടെ ഇരു രാജ്യങ്ങളിലും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് ഇത് കാരണമായി. തക്കാളി, ഉള്ളി, മുന്തിരി തുടങ്ങിയ ഉത്പന്നങ്ങൾ പാകിസ്ഥാനിലേക്ക് പ്രധാനമായും എത്തിയിരുന്നത് കാബൂളിൽ നിന്നായിരുന്നു.













