വനിതാ ക്രിക്കറ്റ് ലോകകപ്പിൽ കൊളംബോയിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനോട് പാകിസ്ഥാൻ പരാജയപ്പെട്ടു. പാകിസ്ഥാൻ ഉയർത്തിയ 130 റൺസിന്റെ വിജയലക്ഷ്യം ബംഗ്ലാദേശ് 31.1 ഓവറിൽ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 54 റൺസുമായി പുറത്താകാതെ നിന്ന റുബ്‍യാ ഹൈദർ ബംഗ്ലാദേശിന്റെ വിജയത്തിന് നേതൃത്വം നൽകി, ക്യാപ്റ്റൻ നിഗാർ സുൽത്താനും ശോഭന മൊസ്താരിയും മികച്ച പിന്തുണ നൽകി.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 38.3 ഓവറിൽ 129 റൺസിന് ഓൾഔട്ടായി. ഷോർണ അക്തർ മൂന്ന് വിക്കറ്റും മറൂഫ അക്തറും നഹീദ അക്തറും രണ്ട് വിക്കറ്റ് വീതവും നേടി പാകിസ്ഥാന്റെ ബാറ്റിംഗ് നിരയെ തകർത്തു.
പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയുടെ ബാറ്റിംഗ് തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന തുടക്കമാണ് ടീമിന് ലഭിച്ചത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പാകിസ്ഥാൻ രണ്ട് റൺസിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. ആദ്യ ഓവറിൽ ഒമൈമ സൊഹൈലും സിദ്ര അമീനും (രണ്ടുപേർക്കും 0) മറൂഫ അക്തറിന്റെ പന്തിൽ ബൗൾഡായി. മുനീബ അലിയും റമീം ഷമീമും 42 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും, നഹീദ അക്തർ മുനീബയെയും (17) റമീമിനെയും (23) പുറത്താക്കി. തുടർന്ന് ഫാത്തിമ സന (22), അലിയ റിയാസ് (13), സിദ്ര നവാസ് (15), നതാലിയ പെർവെയ്സ് (9), നഷ്റ സന്ധു (1), സാദിയ ഇഖ്ബാൽ (4) എന്നിവർ പുറത്തായി. ദിയാന ബെയ്ഗ് 16 റൺസുമായി പുറത്താകാതെ നിന്നു.