പാക് ആണവായുധങ്ങൾ യുഎസിന്റെ നിയന്ത്രണത്തിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് മുൻ സിഐഎ ഉദ്യോഗസ്ഥൻ ജോൺ കിരിയാക്കോ

പാക് ആണവായുധങ്ങൾ യുഎസിന്റെ നിയന്ത്രണത്തിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട്  മുൻ സിഐഎ ഉദ്യോഗസ്ഥൻ ജോൺ കിരിയാക്കോ

ന്യൂഡൽഹി: പാകിസ്താന്റെ ആണവായുധങ്ങൾ അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫും യുഎസും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തി മുൻ സിഐഎ ഉദ്യോഗസ്ഥൻ. ജോൺ കിരിയാക്കോ എന്ന മുൻ സിഐഎ ഉദ്യോഗസ്ഥനാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. പാകിസ്താന്റെ ആണവായുധങ്ങളുടെ നിയന്ത്രണം യുഎസിന് കൈമാറിയത് മുഷറഫ് ആയിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. ആണവായുധങ്ങളുടെ നിയന്ത്രണം തീവ്രവാദികളുടെ കൈകളിലേക്ക് എത്താതിരിക്കാൻ വേണ്ടിയാണ് ഈ നീക്കം നടത്തിയതെന്നാണ് കിരിയാക്കോ വെളിപ്പെടുത്തിയത്. 2002-ൽ താൻ പാകിസ്താനിൽ ജോലി ചെയ്യുന്ന സമയത്ത്, പാക് ആണവായുധ ശേഖരം പെന്റഗണാണ് നിയന്ത്രിച്ചിരുന്നതെന്ന് അനൗദ്യോഗികമായി തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഷറഫിന്റെ സഹകരണമാണ് യുഎസിന് കാര്യങ്ങൾ എളുപ്പമാക്കിയത്. “നമ്മൾ ഏകാധിപതികളോടൊപ്പം പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. കാരണം അപ്പോൾ പൊതുജനാഭിപ്രായത്തെക്കുറിച്ചോ മാധ്യമങ്ങളെക്കുറിച്ചോ ആശങ്കപ്പെടേണ്ടതില്ല,” കിരിയാക്കോ പറഞ്ഞു. സൈനികമായും സാമ്പത്തിക സഹായങ്ങളുമായും ദശലക്ഷക്കണക്കിന് ഡോളറാണ് യുഎസ് ആ സമയത്ത് പാകിസ്താന് നൽകിയിരുന്നത്. മുഷറഫുമായി ആഴ്ചയിൽ പലതവണ കൂടിക്കാഴ്ച നടത്തുകയും യുഎസിന് ആവശ്യമുള്ളതെല്ലാം ചെയ്യാൻ അദ്ദേഹം അനുവദിക്കുകയും ചെയ്തിരുന്നുവെന്നും കിരിയാക്കോ വ്യക്തമാക്കി.

ഭീകരവാദത്തിന്റെ കാര്യത്തിൽ മുഷറഫിന് ഇരട്ട നയമായിരുന്നുവെന്നും കിരിയാക്കോ വിമർശിച്ചു. സൈന്യത്തെയും തീവ്രവാദികളെയും സന്തോഷിപ്പിക്കുന്നതിനായി, ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ അമേരിക്കയുമായി സഹകരിക്കുന്നതായി നടിക്കുകയും അതേസമയം ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്ന രീതിയായിരുന്നു മുഷറഫിന്റേത്. ഒരുവശത്ത് യുഎസിനൊപ്പം അൽ ഖായ്ദക്കെതിരെ നടപടിയെടുക്കുകയും മറുവശത്ത് ഇന്ത്യയിൽ ഭീകരവാദം വളർത്താൻ ശ്രമിക്കുകയും ചെയ്തു.

അതേസമയം, പാകിസ്താന്റെ ആണവായുധങ്ങളുടെ സ്രഷ്ടാവായ എ.ക്യു. ഖാനെ വധിക്കാൻ യുഎസ് പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ സൗദി ഗവൺമെന്റിന്റെ നേരിട്ടുള്ള ഇടപെടൽ മൂലം യുഎസ് അതിൽനിന്ന് പിന്മാറിയെന്നും കിരിയാക്കോ വെളിപ്പെടുത്തി. എ.ക്യു. ഖാനെതിരായ നീക്കം നയതന്ത്രപരമായ പരാജയമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Pakistan’s nuclear weapons are under US control; Former CIA officer John Kiriakou reveals shocking information

Share Email
LATEST
Top