ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി പന്തളം കൊട്ടാരം രംഗത്തെത്തി. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് കൊട്ടാരം വാർത്താക്കുറിപ്പിൽ അറിയിച്ചു. ആശങ്കകൾ പരിഹരിക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. ചെന്നൈയിൽ നടത്തിയ സ്വർണം പൂശൽ ജോലികളിലും സംശയമുണ്ടെന്നും, ഇത്ര ചുരുങ്ങിയ കാലത്തിനുള്ളിൽ എങ്ങനെ നിറം മങ്ങിയെന്ന കാര്യത്തിലടക്കം സംശയങ്ങൾ ഉയർന്നുവരുന്നുണ്ടെന്നും കൊട്ടാരം ചൂണ്ടിക്കാട്ടി. ഉണ്ണികൃഷ്ണൻ പോറ്റിയെ വിശദമായി ചോദ്യം ചെയ്യണമെന്നും, വിജയ് മല്യ നൽകിയ സ്വർണപ്പാളികൾ നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കണമെന്നും 2019-ൽ ഒരു നടപടിക്രമങ്ങളും പാലിക്കാതിരുന്നതിനെക്കുറിച്ചും അധികൃതർ അഭിപ്രായപ്പെട്ടു.
ശബരിമലയിലെ സ്വർണപ്പാളികൾ കാണാതായതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എൽ.എ. ആവശ്യപ്പെട്ടു. ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോർഡ് വിജിലൻസ് നടത്തുന്ന അന്വേഷണം ബോർഡിനെ വെള്ളപൂശാൻ ഉത്തകു എന്നതിനാൽ, ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോ ദിവസവും പുറത്തുവരുന്ന വെളിപ്പെടുത്തലുകളും മറ്റു വിവരങ്ങളും ഞെട്ടിക്കുന്നതും വിശ്വാസ സമൂഹത്തിന് വേദന ഉളവാക്കുന്നതുമാണെന്ന് പറഞ്ഞ അദ്ദേഹം, നിലവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും ഗുരുതരമായ അലംഭാവവും നിരുതരവാദിത്വവുമാണ് ഈ വിഷയത്തിലുള്ളതെന്ന് വിമർശിച്ചു.