തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരം പുന്നമൂട് സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ ക്ലാസ് മുറിയിൽ വിദ്യാർത്ഥി പെപ്പർ സ്പ്രേ പ്രയോഗിച്ചതിനെ തുടർന്ന് കൂട്ടത്തോടെ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം. സംഭവത്തിൽ ഒമ്പത് വിദ്യാർത്ഥികളെയും ഒരു അധ്യാപികയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്ലസ് വൺ സയൻസ് ബാച്ചിലെ ഒരു വിദ്യാർത്ഥി കൗതുകത്തിനാണ് ക്ലാസ് മുറിയിൽ കുരുമുളക് സ്പ്രേ (പെപ്പർ സ്പ്രേ) ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം. സ്‌പ്രേ പ്രയോഗിച്ച സമയത്ത് ഫാൻ പ്രവർത്തിച്ചിരുന്നതിനാൽ മുറിയിലാകെ പെട്ടെന്ന് പടരുകയും കുട്ടികൾക്കും അധ്യാപികയ്ക്കും ശ്വാസം മുട്ടൽ അനുഭവപ്പെടുകയുമായിരുന്നു. ഉടൻ തന്നെ ഇവരെ ആംബുലൻസുകളിൽ ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചു.
പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിദ്യാർത്ഥികളെയും അധ്യാപികയെയും തുടർ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ചികിത്സയിലുള്ള 10 പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ ആസ്ത്മയുടെ ബുദ്ധിമുട്ടുള്ള ഒരു കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്പ്രേ വിദ്യാർത്ഥിക്ക് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













