കോഴിക്കോട് : പേരാമ്പ്രയിൽ പൊലീസ് നടത്തിയ കണ്ണീർവാതക പ്രയോഗത്തിലും ലാത്തിച്ചാർജിലും പരുക്കേറ്റ ഷാഫി പറമ്പിൽ എംപിയുടെ മൂക്കിന് രണ്ട് പൊട്ടലുകൾ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പരുക്ക് വ്യക്തമായത്. അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
പോലീസ് ലാത്തിചാർജിൽ പരിക്കേറ്റ ഷാഫി പറന്പിൽ എംപിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി ടി. സിദിഖ് എംഎൽഎ. ടി. സിദിഖ് എംഎൽഎ തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാഫി പറന്പിൽ എംപിയുടെ ശസ്ത്രക്രിയയെ കുറിച്ച് വെളിപ്പെടുത്തിയത്. ഒരു ജനപ്രതിനിധിക്ക് പോലും പോലീസ് നരനായാട്ടിന് മുന്നിൽ രക്ഷയില്ലെന്നും എംഎൽഎ കുറിച്ചു.
പോലീസ് ഷാഫിയെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് ദൃസാക്ഷികൾ പറഞ്ഞതെന്ന് ടി. സിദിഖ് വ്യക്തമാക്കി. പോലീസിനെ എല്ലാ കാലത്തും നിയന്ത്രിക്കുന്നത് പിണറായി ആയിരിക്കില്ലെന്ന് പോലീസിനെയും അവരെ പറഞ്ഞ് വിട്ടവരേയും ഓർമിപ്പിക്കുന്നുവെന്നും സിദിഖ് കൂട്ടിച്ചേർത്തു.
പേരാമ്പ്രയിലെ സംഘർഷത്തിനിടെ ഡിവൈഎസ്പി ഹരിപ്രസാദിനും പത്തോളം പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. കൈക്ക് പരുക്കേറ്റ ഡിവൈഎസ്പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പേരാമ്പ്ര സികെജിഎം കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായി യുഡിഎഫും ഡിവൈഎഫ്‌ഐയും നടത്തിയ പ്രകടനങ്ങൾക്കിടെയാണ് പേരാമ്പ്ര ടൗണിൽ സംഘർഷമുണ്ടായത്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് വർഷങ്ങൾക്കുശേഷം കെഎസ്‌യു അട്ടിമറി വിജയം നേടിയതിനെത്തുടർന്നാണ് സംഘർഷം ഉടലെടുത്തത്. തുടർന്ന് ഇരുവിഭാഗങ്ങളുടെയും വിജയാഹ്ലാദ പ്രകടനങ്ങൾക്കിടെ പേരാമ്പ്ര മാർക്കറ്റ് പരിസരത്ത് വെച്ച് പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്യുകയായിരുന്നു.
പൊലീസ് നടപടിയിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് പരുക്കേറ്റു. ലാത്തിച്ചാർജിൽ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ, യൂത്ത് കോൺഗ്രസ് നേതാവ് കെ.എം.അഭിജിത്ത് ഉൾപ്പെടെയുള്ള നേതാക്കൾക്കും പരുക്കുണ്ട്. ശ്വാസതടസ്സവും മുഖത്തു പരുക്കുമേറ്റ ഷാഫിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാന വ്യാപക പ്രതിഷേധം
ഷാഫി പറമ്പിലിനെ മർദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കി. സെക്രട്ടേറിയറ്റിലേക്ക് നടന്ന മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തിവീശി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൊടുപുഴ പൊലീസ് സ്‌റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയും എറണാകുളം–കളമശ്ശേരി റോഡും കണ്ണൂർ കാൾട്ടക്‌സിൽ കോൺഗ്രസ് പ്രവർത്തകർ റോഡും ഉപരോധിക്കുകയും ചെയ്തു.
ഷാഫി പറമ്പിലിനും പ്രവർത്തകർക്കും എതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ 11ന് സംസ്ഥാന വ്യാപകമായി ബ്ലോക്ക് തലത്തിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു.
യുഡിഎഫ് പ്രകടനത്തിനു നേരെ പൊലീസ് ഏകപക്ഷീയമായി കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നുവെന്നാണ് യുഡിഎഫ് നേതാക്കളുടെ ആരോപണം. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പൊലീസ് സംഘം പേരാമ്പ്രയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
പേരാമ്പ്രയിലെ മർദനത്തിനും ചോരയുടെയും പിന്നിൽ സ്വർണക്കടത്ത് മറച്ചുവയ്ക്കാനുള്ള വ്യാമോഹമാണെങ്കിൽ ഇതിലും വലിയ പരാജയം പേരാമ്പ്രയിൽ നിങ്ങൾക്കുണ്ടാകും. എങ്ങനെയെല്ലാം വാർത്ത മറയ്ക്കാൻ ശ്രമിച്ചാലും ഈ സ്വർണം കട്ടവരെ ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടുക തന്നെ ചെയ്യും,’ ഷാഫി പറമ്പിൽ പ്രതികരിച്ചു.
ഷാഫി പറമ്പിൽ എംപിയെ ആക്രമിച്ചത് സിപിഎം ക്രിമിനലുകളും സിപിഎമ്മിനുവേണ്ടി ഗുണ്ടാപ്പണി ചെയ്യുന്ന പൊലീസും ചേർന്നാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ‘സിപിഎമ്മിനു വേണ്ടി ലാത്തി എടുത്ത പൊലീസിലെ ക്രിമിനലുകൾ ശമ്പളം വാങ്ങുന്നത് എകെജി സെന്ററിൽ നിന്നല്ലെന്ന് ഓർക്കണം,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ലാത്തിച്ചാർജിൽ പരുക്കേറ്റതിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ 9.30 ന് യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഐജി ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ, കൺവീനർ അഹമ്മദ് പുന്നക്കൽ എന്നിവർ അറിയിച്ചു.
Perambra police lathicharge: Shafi Parampil MP suffers broken nose; will undergo surgery










