രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി ന്യൂക്ലിയർ മെഡിസിനിൽ പിജി; കോഴിക്കോട് മെഡിക്കൽ കോളേജിന് തിളക്കം

രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി ന്യൂക്ലിയർ മെഡിസിനിൽ പിജി; കോഴിക്കോട് മെഡിക്കൽ കോളേജിന് തിളക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയർ മെഡിസിനിൽ പിജി സീറ്റുകൾ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിനാണ് ഈ സീറ്റുകൾ അനുവദിച്ചത്. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് ന്യൂക്ലിയർ മെഡിസിനിൽ പിജി പഠനം സാധ്യമാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇതുകൂടാതെ, മലബാർ കാൻസർ സെന്ററിൽ റേഡിയേഷൻ ഓങ്കോളജിയിലും പിജി സീറ്റുകൾ അനുവദിക്കപ്പെട്ടു. ന്യൂക്ലിയർ മെഡിസിനിലെയും റേഡിയേഷൻ ഓങ്കോളജിയിലെയും ഉൾപ്പെടെയുള്ള പിജി സീറ്റുകൾ കേരളത്തിന്റെ കാൻസർ ചികിത്സാ രംഗത്തിന് കൂടുതൽ കരുത്ത് പകരും. സംസ്ഥാനത്തിന് ഇത്തവണ 81 പുതിയ മെഡിക്കൽ പിജി സീറ്റുകൾക്കാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) അനുമതി നൽകിയത്.

പുതുതായി സീറ്റുകൾ അനുവദിച്ച സ്ഥാപനങ്ങളും സീറ്റുകളുടെ എണ്ണവും ഇപ്രകാരമാണ്: ആലപ്പുഴ മെഡിക്കൽ കോളേജ് 17, എറണാകുളം മെഡിക്കൽ കോളേജ് 15, കണ്ണൂർ മെഡിക്കൽ കോളേജ് 15, കൊല്ലം മെഡിക്കൽ കോളേജ് 30, കോഴിക്കോട് മെഡിക്കൽ കോളേജ് 2, മലബാർ കാൻസർ സെന്റർ (എംസിസി) 2. മെഡിക്കൽ കോളേജുകൾക്കായി 270 അധ്യാപക തസ്തികകൾ സൃഷ്ടിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ പിജി സീറ്റുകൾ ലഭ്യമായതെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗത്തിലും ക്രിട്ടിക്കൽ കെയർ വിഭാഗത്തിലും പിജി സീറ്റുകൾ അനുവദിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അതോടൊപ്പം, പത്തനംതിട്ട സർക്കാർ നഴ്‌സിങ് കോളേജിന് ഇന്ത്യൻ നഴ്‌സിങ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതോടെ പുതുതായി ആരംഭിച്ച എല്ലാ സർക്കാർ, സർക്കാർ അനുബന്ധ നഴ്‌സിങ് കോളേജുകൾക്കും അനുമതിയായി. ഈ സർക്കാരിന്റെ കാലത്ത് 22 സർക്കാർ, സർക്കാർ അനുബന്ധ നഴ്‌സിങ് കോളേജുകളാണ് ആരംഭിച്ചത്. 4 മെഡിക്കൽ കോളേജുകൾക്കും അനുമതി ലഭിച്ചതോടെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജും നഴ്‌സിങ് കോളേജും ഉള്ള സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി വ്യക്തമാക്കി.

ഇടുക്കി, വയനാട്, പാലക്കാട്, കാസർകോട്, പത്തനംതിട്ട, തിരുവനന്തപുരം ജനറൽ ആശുപത്രി ക്യാമ്പസ്, കൊല്ലം, മഞ്ചേരി എന്നിവിടങ്ങളിലാണ് ഈ സർക്കാരിന്റെ കാലത്ത് സർക്കാർ മേഖലയിൽ നഴ്‌സിങ് കോളേജുകൾ ആരംഭിച്ചത്. സർക്കാർ അനുബന്ധ മേഖലയിൽ സിമെറ്റിന്റെ കീഴിൽ നെയ്യാറ്റിൻകര, വർക്കല, കോന്നി, നൂറനാട്, താനൂർ, തളിപ്പറമ്പ്, ധർമ്മടം, ചവറ എന്നിവിടങ്ങളിലും, കേപ്പിന്റെ (CAPE) കീഴിൽ ആറന്മുള, ആലപ്പുഴ, പത്തനാപുരം എന്നിവിടങ്ങളിലും, സി-കാസിന്റെ (C-CAS) കീഴിൽ കാഞ്ഞിരപ്പള്ളി, സീതത്തോട്, കൊട്ടാരക്കര എന്നിവിടങ്ങളിലുമാണ് നഴ്‌സിങ് കോളേജുകൾ ആരംഭിച്ചത്. സ്വകാര്യ മേഖലയിൽ 20 നഴ്‌സിങ് കോളേജുകൾ ആരംഭിക്കാനുള്ള അനുമതിയും നൽകിയതായി മന്ത്രി അറിയിച്ചു.

PG in Nuclear Medicine, the first among government medical colleges in the country; Kozhikode Medical College shines

Share Email
LATEST
More Articles
Top