കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രിയുടെ ആശംസകൾ: ‘അതിദാരിദ്ര്യമുക്ത കേരളം മാനവിക മാതൃക’

കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രിയുടെ ആശംസകൾ: ‘അതിദാരിദ്ര്യമുക്ത കേരളം മാനവിക മാതൃക’

തിരുവനന്തപുരം :കേരളപ്പിറവി ദിനത്തിൽ ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഹൃദയംഗമമായ ആശംസകൾ നേർന്നു. കേരള സംസ്ഥാനം രൂപീകൃതമായി 69 വർഷം പൂർത്തിയാകുന്ന ഈ വേളയിൽ, വിസ്തൃതിയിൽ ചെറിയ സംസ്ഥാനമാണെങ്കിലും ലോകശ്രദ്ധ നേടിയ നിരവധി നേട്ടങ്ങൾ സ്വന്തമാക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ വർഷത്തെ കേരളപ്പിറവി ആഘോഷം ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതിച്ചേർക്കേണ്ട ഒരു സുപ്രധാന പ്രഖ്യാപനത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


ലോകത്തിലെ വിരലിലെണ്ണാവുന്ന പ്രദേശങ്ങൾ മാത്രം കൈവരിച്ച ‘അതിദാരിദ്ര്യമുക്ത സംസ്ഥാനം’ എന്ന പദവിയിലേക്ക് കേരളം ഉയരുന്നതിനെക്കുറിച്ചാണ് മുഖ്യമന്ത്രി എടുത്തുപറഞ്ഞത്. വെറും കണക്കുകളിലെ നേട്ടത്തിനപ്പുറം, കഴിക്കാൻ ഭക്ഷണമില്ലാത്ത, താമസിക്കാൻ വീടില്ലാത്ത, സൗജന്യ ചികിത്സ ലഭിക്കാത്ത ഒരാൾ പോലും ഈ കേരളത്തിലില്ലെന്ന് ഉറപ്പുവരുത്തുന്നതാണ് ഈ പ്രഖ്യാപനം. ലോകമാകെയുള്ള മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു മാനുഷിക മാതൃകയാണിത് എന്നും, ഈ സുപ്രധാന നേട്ടത്തോടെയാണ് മലയാളികൾ ഈ കേരളപ്പിറവി ആഘോഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സമത്വം, സാമൂഹികനീതി, മാനുഷിക വികസനം എന്നീ മൂല്യങ്ങളിൽ അടിയുറച്ച നവകേരളമാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ കേരളപ്പിറവി ദിനത്തിൽ, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവർക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്നും, അതിനായി എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Share Email
LATEST
More Articles
Top